ആലപ്പുഴ: ജില്ലയിലെ ദേശീപാതയോരങ്ങളിൽ മിഴിതുറക്കാതെ തെരുവ് വിളക്കുകൾ . അരൂർ മുതൽ ഓച്ചിറ വരെയുള്ള പാതയിലെ ഭൂരിഭാഗത്തെയും വഴിവിളക്ക് തെളിയാതെയായിട്ട് മാസങ്ങളായി. തെരുവ് വിളക്ക് പ്രകാശിക്കാത്തതിനാൽ മഴക്കാലമായതോടെ വാഹനയാത്രക്കാർക്ക് ഇരട്ടി ദുരിതമാണ് . ദേശീയപാതയിൽ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിട്ടു. റോഡരികിൽ വളർന്ന് നിൽക്കുന്ന പുൽച്ചെടികളും വള്ളിപ്പുല്ലും നിറഞ്ഞതും കൂരിരുട്ടും കാൽനട യാത്രക്കാർക്കും ദുരിതമാവുന്നു.ഇരുട്ടിൽ ദേശീയപാതയിലെ മരണ കുഴികളിൽ വെള്ളം കെട്ടികിടക്കുന്നതു മൂലം അപകടങ്ങൾ പതിവാകുന്നു. കാക്കാഴം മേൽപ്പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ വെളിച്ചം നൽകിയിട്ട് മാസങ്ങളായി. പലസ്ഥലങ്ങളിലും നഗരസഭകളും പഞ്ചായത്തുകളുമാണ് റോഡരികിൽ വഴിവിളക്ക് സ്ഥാപിച്ചത്. ബന്ധപ്പെട്ട പഞ്ചായത്തുകളും നഗരസഭകളും മിഴി അടഞ്ഞ വഴിവിളക്കുകൾ തെളിയിക്കുന്നതിനുള്ള നടപടികൾ ഒന്നും സ്വീകരിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ദേശീയപാതയിൽ സന്ധ്യ മുതൽ പുലർച്ചെ വരെ ഇരുട്ടായതോടെ, പല സ്ഥലങ്ങളിലും സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും സ്വൈര്യ വിഹാര കേന്ദ്രമായിമാറുകയാണ് . ആളൊഴിഞ്ഞ ഭാഗങ്ങളിൽ കൂടി സന്ധ്യ കഴിഞ്ഞ് വരുന്ന സ്ത്രീകൾ അടക്കമുള്ള വഴിയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വഴിവിളക്ക് തെളിക്കുന്നതിനും വൈദ്യുതി ചാർജ്ജ് ഇനത്തിൽ പഞ്ചായത്തും നഗരസഭകളും കെ.എസ്.ഇ.ബിക്ക് ലക്ഷകണക്കിന് രൂപയാണ് പ്രതിവർഷം നൽകുന്നത്. ഇതിന്റെ ഗുണം യാത്രക്കാർക്ക് ലഭിക്കുന്നില്ല.
.........
#ബൈപ്പാസും ഇരുട്ടിൽ
കളർകോടു മുതൽ കൊമ്മാടിവരെയുള്ള ആലപ്പുഴ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് വഴിവിളക്ക് സ്ഥാപിച്ചിട്ട് ഒരുവർഷമായിട്ടുള്ളു. ബൈപാസിലെ വെളിച്ചക്കുറവ് രാത്രികാലത്ത് അപകടത്തോടൊപ്പം പിടിച്ചുപറിയും വ്യാപകമാണ്. ബൈക്കുകളിൽ എത്തുന്ന യുവാക്കൾ വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും ഇരുട്ടിന്റെ മറവിലാണ് നടക്കുന്നത്.
.......
"തകരാർ പരിഹരിച്ച് വഴിവിളക്കുകൾ തെളിയിക്കാൻ പഞ്ചായത്തുകളും നഗരസഭകളും നടപടി സ്വീകരിക്കണം. തെരുവ് വിളക്ക് പ്രകാശിപ്പിക്കാതെ പഞ്ചായത്ത് അധികൃതർകെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ് അടക്കരുത്.
രഘു, അമ്പലപ്പുഴ