ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ തിരയിൽപ്പെട്ട പ്ളസ് വൺ വിദ്യാർത്ഥിനിയെ ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് എത്തിയ പത്ത് അംഗസംഘം കടലിൽ കുളിച്ചുകൊണ്ടിരിക്കെ മൂന്ന് യുവാക്കളും പതിനേഴുകാരിയും ശക്തമായ തിരയിൽപ്പെട്ടു. ലൈഫ് ഗാർഡുകൾ ഓടിയെത്തി തിരയിൽ പെട്ടവരെ രക്ഷിച്ചു. അബോധാവസ്ഥയിലായിരുന്ന യുവതിക്ക് ലൈഫ് ഗാർഡ് സന്തോഷ് പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് ടൂറിസം എസ്.ഐ പി. ജയറാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രാത്രി എട്ടുമണിവരെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചു. ലൈഫ് ഗാർഡുമാരായ സാംസൺ, വിൻസെന്റ്, ഡെന്നീസ്, സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.