fgh
ഗൗരി

ഹരിപ്പാട്: കായലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിനി ഗൗരി(16)യുടെ മൃതദേഹം കണ്ടെടുത്തു. ബന്ധുക്കളും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ അറുന്നൂറു മീറ്ററോളം വടക്കുമാറി കരയോടു ചേർന്നുളള ഭാഗത്തു നിന്ന് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മൃതദേഹം ലഭിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര വെട്ടത്തു കടവിന് വടക്ക് സുഭാഷ് ഭവനത്തിൽ സുകുമാരന്റെയും പരേതയായ സുഷമയുടെയും മകളായ ഗൗരിയെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കാണാതായത്. വീടിന് പടിഞ്ഞാറുവശമുളള കായലിലേക്കു ഗൗരി ഇറങ്ങുന്നതു ബന്ധുക്കളിൽ ചിലർ കണ്ടിരുന്നു. ഇവർ പിന്നാലെ ഓടിയെത്തിയെങ്കിലും കായലിൽ കാണാതാകുകയായിരുന്നു. വീടിന് സമീപം തന്നെയുളള അമ്മയുടെ കുടുംബവീട്ടിലാണ് ഗൗരി താമസിച്ചുവന്നിരുന്നത്. മുതുകുളം കെ.വി. സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച സന്ധ്യയോടെ മൃതദേഹം സംസ്‌കരിച്ചു. മുങ്ങിമരണമാണെന്നും മറ്റു സംശയങ്ങളില്ലെന്നും പൊലീസ് പറഞ്ഞു. സഹോദരൻ: സുഭാഷ്.