ആലപ്പുഴ: നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഓണത്തിന് നാടിന് സമർപ്പിക്കും. കോൺക്രീറ്റ് ജോലിപൂർത്തീകരിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുക വിതരണം അടുത്തമാസം 15ന് മുമ്പ് പൂർത്തീകരിക്കും. ശവക്കോട്ടപ്പാലത്തിനൊപ്പം പൊളിച്ച് പണിയുന്ന കൊമ്മാടിപ്പാലത്തിന്റെയും അപ്രോച്ച് റോഡിന് ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാര തുക വിതരണം ഉടൻ പൂർത്തീകരിക്കും. കൊമ്മാടിപാലത്തിന്റെ സ്ളാബിന്റെ നിർമ്മാണം അടുത്തമാസം പൂർത്തികരിക്കുെന്നാണ് അധികൃതർ പറയുന്നത്. ശവക്കോട്ടപ്പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് കൊമ്മാടിപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. രണ്ട് പാലത്തിന്റെയും ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 28.14 സെന്റാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാര തുക വസ്തു ഉടമകൾക്ക് വിതണം ചെയ്ത ശേഷം നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചമാറ്റുന്നതിനുള്ള ലേലം നടത്തും. തുടർന്ന് കിഫ്ബിയുടെ ചേർത്തല എൽ.എ തഹസീൽദാർ സ്ഥലം ഏറ്റെടുത്ത് നിർമ്മാണ ചുമതല വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയാൽ മാത്രമേ അപ്രോച്ച് നിർമ്മാണം ആരംഭിക്കാൻ കഴിയൂ.കൊമ്മാടി, ശവക്കോട്ട പാലങ്ങൾക്ക് 28.45 കോടി രൂപയാണ് നിർമ്മാണ ചെലവ്.

# ശവക്കോട്ടപ്പാലം

26 മീറ്റർ നീളം, 12 മീറ്റർ വീതി

# കൊമ്മാടി പാലം

29 മീറ്റർ നീളം, 14 മീറ്റർ വീതി

"ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം കൈമാറി കിട്ടിയാൽ ,നിർമ്മാണം പൂർത്തീകരിച്ച് ഓണത്തിന് ഗതാഗതത്തിനുതുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ്. കൊമ്മാടിപ്പാലത്തിന്റെ സ്ളാബ് നിർമ്മാണം അടുത്തമാസം പൂർത്തീകരിക്കും.

അസി. എൻജിനീയർ, കേരള റോഡ് ഫണ്ട് ബോർഡ്