
കുട്ടനാട്: തരിശുഭൂമിയിൽ ഏത്തവാഴകൃഷിയിലൂടെ നൂറ്മേനി നേട്ടം കൊയ്ത് അജീഷ്. കാവാലം പഞ്ചായത്ത് എട്ടാം വാർഡ് കൈതമടം വീട്ടിൽ ചെത്തുതൊഴിലാളിയായ അജീഷ് ഏത്തവാഴകൃഷിയിലൂടെ നാട്ടിലെങ്ങും താരമായി മാറി.ഒന്നരയേക്കറോളം വരുന്ന തരിശു ഭൂമി കൃഷിയിലാണ് കൃഷിയിറക്കിയത്. ചെത്ത്കഴിഞ്ഞ് മിച്ചം കിട്ടുന്ന സമയത്തിൽ പരീക്ഷണമെന്ന നിലയിൽ ആരംഭിച്ച ഏത്ത വാഴകൃഷി പിന്നീട് ഒരു ഹരമായി മാറുകയായിരുന്നു. ചാണകവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കുമാണ് കൂടുതലായും കൃഷിക്ക് ഉപയോഗിച്ചത്. കാവാലം കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമായിരുന്നു കൃഷി. കുടുംബാംഗങ്ങളുടെ പൂർണ പിൻതുണ കൂടിയായതോടെ കൃഷി ഒരു വൻ വിജയമായി മാറുകയായിരുന്നെന്നു അജീഷ് പറഞ്ഞു . വിളവെടുപ്പ് ഉത്സവം കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ജോഷി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അജിത പ്രതീഷ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ രാജേന്ദ്രൻ വിഷ്ണു എന്നിവർ പങ്കെടുത്തു.