ph

കായംകുളം: കൃഷ്ണപുരത്ത് ഒരു പ്രദേശത്തിന്റെ പതിറ്റാണ്ടുകളോളം നീണ്ട യാത്രാദുരിതത്തിന് വിരാമമാകുന്നു. മാമ്പ്രക്കുന്നേൽ റെയിൽവേ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. സ്ഥലം ഏറ്റെടുക്കുന്നതോടെ പുനരധിവാസ പാക്കേജ് ലാൻഡ് റവന്യൂ കമ്മിഷ്ണർ കഴിഞ്ഞ ദിവസം അംഗീകരിച്ച് ഉത്തരവായി. വിവിധ സർവേ നമ്പരുകളിൽ പെട്ട 1.0840 ഹെക്ടർ ഭൂമായാണ് ഏറ്റെടുക്കുന്നത്. ഇതിന് സർക്കാരിൽ നിന്നും ഭരണാനുമതിയും ലഭിച്ചു. 11 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 35 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജാണ് ഉള്ളത്. പാലം നിർമ്മാണത്തിന് കിഫ്ബിയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. 2017-2018 സംസ്ഥാന ബഡ്ജറ്റിൽ 60 കോടി രൂപ ഇതിനായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഒഫ് കേരളെയാണ് (ആർ.ബി.ഡി.സി.കെ) നിർവഹണ ഏജൻസിയായി നിയമിച്ചിട്ടുള്ളത്.

ദേശീയപാതയിൽ നിന്ന് വള്ളികുന്നത്തേക്കും കെ.പി. റോഡിലേക്കുമുള്ള പ്രധാന റോഡിലാണ് ഈ ലെവൽ ക്രോസ്. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള ട്രയിനുകൾ കടന്നുപോകുന്നതിനാൽ ഗേറ്റ് നിരന്തരം അടച്ചിടുകയാണ് ചെയ്യുന്നത്. ഗേറ്റ് തകരാറായാൽ മണിക്കൂറുകളോളം വാഹനങ്ങൾ കാത്ത് കിടക്കേണ്ടി വരും.

ഗതാഗത പ്രശ്നം രൂക്ഷമായതോടെ 2004 മുതൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജനങ്ങൾ സമര രംഗത്താണ്. മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന ആശ്വാസത്തിലാണ് ജനങ്ങൾ.

----------

# മേൽപ്പാലം

ആർ.ബി.ഡി.സി.കെ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിച്ച് 31.21 കോടി രൂപയുടെ അംഗീകാരം നൽകുകയായിരുന്നു.

505.82 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലും പതിനൊന്ന് സ്പാനുകളുളള മേൽപ്പാലമാണ് നിർമ്മിക്കുന്നത്. 470 മീറ്റർ നീളത്തിൽ രണ്ട് വരി പാതയായി അപ്രോച്ച് റോഡും 1.50മീറ്റർ വീതിയിൽ നടപ്പാതയും 5.50 മീറ്റർ വീതിയിൽ നടപ്പാതയോടു കൂടിയ സർവീസ് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ നടപികൾ അ‌ടിയന്തിരമായി പൂർത്തിയാക്കും.

.......

മേൽപ്പാലം വരുന്നതോടെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും. മേൽപ്പാലത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

എം. രവീന്ദ്രൻ,പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം കാപ്പിൽ കിഴക്ക് ശാഖായോഗം