ph

കായംകുളം: കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ വേലൻചിറ - പട്ടോളി മാർക്കറ്റ് റോഡിലെ യാത്ര ജനത്തിന് ദുരിതമായി. വർഷങ്ങളായി തകർന്നു കിടന്ന റോഡ് പുനർനിർമ്മാണത്തിന്റെ പേരിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചിട്ടിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാക്കിയില്ല. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്.ആയിരക്കണക്കിന് പേരാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്.

നിർമ്മാണത്തിന്റെ പേരിൽ റോഡിന്റെ ഇരു വശങ്ങളിലേയും മണ്ണ് മാറ്റിയതിനാൽ താമസക്കാർക്ക് വീടിനു പുറത്തേക്ക് വാഹനങ്ങൾ ഇറക്കാൻ സാധിക്കുന്നില്ല. ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി .

പൊട്ടിപ്പൊളിഞ്ഞ് മെറ്റൽ ഇളകി കിടക്കുന്ന റോഡിൽ സാഹസമായി വണ്ടി ഓടിച്ചെങ്കിലേ യാത്ര ചെയ്യാൻ പറ്റൂവെന്ന സ്ഥിതിയാണ്. ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറി. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേയ്ക്കും എം.എൽ.എ ഓഫീസിലേയ്ക്കും മാർച്ചും സത്യാഗ്രഹമടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുന്നോടിയായി ജനപ്രതിനിധികൾക്ക് പരാതി നൽകി.

ബുദ്ധിമുട്ടുന്നത് 5 വാർഡുകാർ

 റോഡിന് രണ്ട് കിലോമീറ്ററിലേറെ നീളം

 5 വാർഡുകളിലൂടെകടന്നുപോകുന്നു

 തകർന്ന റോഡിലൂടെ വരാൻ ഓട്ടോക്കാർ മടിക്കുന്നു

 ആശുപത്രിയിൽ പോകാൻ പോലും നാട്ടുകാർ ബുദ്ധിമുട്ടുന്നു

ജനപ്രതിനിധികളുടെ അനാസ്ഥ കാരണമാണ് റോഡ് ഇങ്ങനെ തകർന്നുകിടക്കുന്നത്. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ നാട്ടകാർ സംഘടിച്ച് ശക്തമായ സമര പരിപാടികൾ നടത്തും.

- എസ്.ജയചന്ദ്രൻപിള്ള, പ്രദേശ വാസി