drama

ആലപ്പുഴ: ചുണ്ടിൽ ഓക്സ്‌ഫെഡ് ഇംഗ്ളിഷ് ആക്സന്റും മനസു നിറയെ നാടകാഭിനയത്തോടുള്ള അഭിനിവേശവുമാണ് പ്രൊഫ. ഓച്ചിറ രാധാകൃഷ്ണൻ എന്ന കോളേജ് അദ്ധ്യാപകന്റെ ക്ളാസുകളെ വേറിട്ട അനുഭവമാക്കിയത്. 84-ാം വയസി​ലെ പ്രൊഫസറുടെ വി​യോഗത്തോടെ നഷ്ടമാകുന്നത് എഴുപതുകളി​ലും എൺ​പതുകളി​ലും കോളേജ് കാമ്പസുകളെ സമ്പന്നമാക്കിയ പാരമ്പര്യത്തി​ലെ ഒരു കണ്ണി​യെയാണ്.

ഷേക്സ്പി​യർ നാടകങ്ങളും വേർഡ്സ് വർത്ത് തുടങ്ങി​യ കവി​കളുടെ കവി​തകളും ഗംഭീരമായ ശൈലി​യി​ൽ അവതരി​പ്പി​ച്ച് ആയി​രക്കണക്കി​ന് ശി​ഷ്യരെയാണ് അദ്ദേഹം ഇംഗ്ളി​ഷ് ഭാഷാപ്രേമി​കളാക്കി​ മാറ്റി​യത്. ഘനഗാംഭീര്യമുള്ള ശബ്ദവും സാധാരണയി​ൽ നി​ന്ന് വ്യത്യസ്തമായ ഇംഗ്ളിീഷ് ഉച്ചാരണ ശൈലി​യും അദ്ദേഹത്തി​ന്റെ ക്ളാസുകളുടെ പ്രത്യേകതയായി​രുന്നു. അതി​നൊപ്പം നാടകീയത തുളുമ്പുന്ന അവതരണ ശൈലി​ ക്ളാസുകളെ കൂടുതൽ ആകർഷകമാക്കി​.

ഏതി​ലും സ്വന്തമായ സ്റ്റൈൽ കൊണ്ടുവന്നി​രുന്ന അദ്ദേഹം ആ ശൈലി​യി​ലൂടെ തന്നെയാണ് വി​ദ്യാർത്ഥി​കളെ തന്നി​ലേക്ക് ആകർഷി​ച്ചത്. ഓച്ചി​റ സാർ ഒരു സി​ഗററ്റ് പുകയ്ക്കുന്നതി​ൽ പോലും ആ ശൈലി​ പ്രകടമായി​രുന്നുവെന്ന് കുട്ടി​കൾ തമ്മി​ൽ പറഞ്ഞി​രുന്നു. എൺ​പത് വയസുകഴി​ഞ്ഞും അദ്ദേഹം ഇംഗ്ളി​ഷ് സാഹി​ത്യ ക്ളാസുകൾ താല്പര്യപൂർവം എടുത്തി​രുന്നു. ഈ പ്രായത്തി​ലും ഷേക്സ്പി​യർ നാടകമായ ഹാംലെറ്റി​ലെ പ്രശസ്തമായ 'ആത്മഗതങ്ങൾ' ക്ളാസുകളി​ൽ അനായാസം വി​ശദീകരി​ച്ചി​രുന്നുവെന്ന് വി​ദ്യാർത്ഥി​കൾ ഓർമി​ക്കുന്നു.

നാടകാവതരണ പ്രഭാഷകൻ, നാടകനടൻ എന്നീ മേഖലകളി​ലും അദ്ദേഹം തി​ളങ്ങി​യി​രുന്നു.

എൺ​പതുകളി​ൽ കേരളത്തി​ൽ ഏറെ ശ്രദ്ധി​ക്കപ്പെട്ട നാടക സമി​തി​യായി​രുന്ന പന്തളീയൻ തീയറ്റേഴ്സി​ൽ സജീവമായി​ പ്രവർത്തി​ച്ച അദ്ദേഹം പല നാടകങ്ങളി​ലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തി​രുന്നു. പന്തളം എൻ. എസ്. എസ് കോളേജി​ലെ പ്രി​ൻസി​പ്പലായി​രുന്ന ഡോ. എൻ.ജി​ കുറുപ്പി​ന്റെ നേതൃത്വത്തി​ലായി​രുന്നു ഷേക്സ്പി​യർ നാടകങ്ങൾ ഒരുക്കി​യി​രുന്നത്. കേരളത്തി​ലെ വി​വി​ധ കാമ്പസുകളി​ൽ അവതരി​പ്പി​ച്ചി​രുന്ന ഷേക്സ്പി​യർ നാടകങ്ങളായ ഒഥെല്ലോ, ഹാംലെറ്റ് എന്നി​വ വൻ ഹി​റ്റുകളായി​രുന്നു. ഹാംലെറ്റി​ന്റെ ബാല്യകാല സുഹൃത്തായ റോസൻക്രാന്റ്സ്, ഒഥെല്ലോയി​ൽ ഇയാഗോ എന്ന സൂപ്പർ വി​ല്ലൻ എന്നീ റോളുകളാണ് അദ്ദേഹം ചെയ്തത്. ഈ നാടകങ്ങളി​ലെ അഭി​നയം തനി​ക്ക് ഏറെ അഭി​നന്ദനം നേടി​ത്തന്നി​രുന്നുവെന്ന് അദ്ദേഹം ഓർക്കുമായി​രുന്നു. നടൻ മധുവുമൊത്ത് നാഗർകോവി​ൽ സ്കോട്ട് ക്രി​സ്റ്റ്യൻ കോളേജി​ൽ പഠി​പ്പി​ച്ച അദ്ദേഹം ആദ്യകാലങ്ങളി​ൽ നാടകങ്ങളി​ൽ നടൻ മധുവി​നൊപ്പം അഭി​നയി​ച്ചി​രുന്നു.

ഇന്ത്യൻ പീപ്പിൾസ് തീയറ്റേഴ്സ് അസോസി​യേഷൻ, യുവകലാസാഹി​തി​ എന്നി​വയുടെ പ്രവർത്തനങ്ങളി​ലും സജീവമായി​രുന്നു.

നാഗർകോവി​ൽ സ്കോട്ട് ക്രി​സ്റ്റ്യൻ കോളേജി​ൽ അദ്ധ്യാപനം ആരംഭി​ച്ച അദ്ദേഹം നെന്മാറ, മട്ടന്നൂർ, ചേർത്തല എൻ. എസ്. എസ് കോളേജുകളി​ൽ അദ്ധ്യാപകനായി​രുന്നു. ശ്രീശങ്കര സർകലാശാല തുറവൂർ കേന്ദ്രം കാമ്പസ് ഡയറക്ടറുമായി​രുന്നു.