ആലപ്പുഴ: നഗരത്തിലെ തിരക്കേറിയതും കാലപ്പഴക്കം ചെന്നതുമായ ജില്ലാ കോടതി പാലം പുനർ നിർമ്മിക്കാനുള്ള പദ്ധതി നിർമ്മാണചുമതലയുള്ള കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) കിഫ്ബിയുടെ അംഗീ

കാരത്തിനായി സമർപ്പിച്ചു. കെ.ആർ.എഫ്.ബി പുനർനിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി 122.83 കോടി രൂപയുടെ എസ്റ്റിമേറ്റ് കഴിഞ്ഞ ദിവസം കിഫ്ബിയിൽ സമർപ്പിച്ചത്. നവീകരണത്തിന് വേണ്ടി 280 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനായി 20.06കോടി നീക്കിവെച്ചിട്ടുണ്ട്. നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടു കൂടിയായാണ് പുതിയ നിർമ്മാണം. ഇതിനായി പാലത്തിന്റെ ഇരുവശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കിഫ്ബിയുടെ എൽ.എ വിഭാഗം ഇരുകരകളിൽ നിന്ന് സ്ഥലമേറ്റെടുത്ത് കെ.ആർ.എഫ്.ബിക്ക് കൈമാറിയാൽ ഉടൻ ടെണ്ടർ ചെയ്യും. നഗരവികസനത്തിന്റെ ഭാഗമായി ഇപ്പോൾ തയ്യാറാക്കുന്ന പദ്ധതിയിൽ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരത്തുക വിതരണം നടത്തി ആറുമാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തികരിക്കാനാകൂ. ഹെറിറ്റേജ് കെട്ടിടമായ എസ്.ഡി.വി സ്‌കൂൾ, ആർ.ഡി.ഒ ഓഫീസ് തുടങ്ങിയവ അതേപടി നിലനിർത്തും. പദ്ധതിക്കാവശ്യമായ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം പൂർത്തികരിച്ചു. വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും ഫ്‌ളൈഓവറും അണ്ടർപാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കും. നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കും. നിർമ്മാണം ആരംഭിച്ചാൽ ബോട്ട് ജെട്ടിയുടെ പ്രർത്തനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു കിഴക്കുള്ള മാതാജെട്ടിയിലേക്ക് മാറ്റും.

# പുനരധിവാസം

ഏറ്റെടുക്കുന്ന സ്ഥലത്തെ വ്യാപാരികളുടെയും സർക്കാർ ഓഫീസുകളുടെയും പുനരധിവാസം ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ആവശ്യമായ നടപടി സ്വീകരിക്കും. നഗരസഭയുടെ ഭൂമിയിലായിരിക്കും കെട്ടിട സമുച്ചയം നിർമ്മിക്കുക. പുനരധിവാസം വേണ്ട കടകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം,വിസ്തൃതി തുടങ്ങിയ കാര്യങ്ങൾ തിട്ടപ്പെടുത്തും. പാലത്തോടൊപ്പം പുനരധിവാസ കെട്ടിട സമുച്ചയത്തിന്റെ നിമ്മാണവും ആരംഭിക്കും.

# മറ്റേണ്ട സർക്കാർ ഓഫീസുകൾ

* കൃഷി അസി.ഡയറക്ടർ ഓഫീസ്

* മുല്ലയ്ക്കൽ കൃഷി ഓഫീസ്

* മൃഗാശുപത്രി കെട്ടിടം

* ഹൈഡ്രോളജി വിഭാഗം

* ആലപ്പുഴ ബോട്ട് ജെട്ടി

* പൊലീസ് കൺട്രോൾ റൂം

# പുതിയ പാലം

റൗണ്ടിലാണ് പാലം നിർമ്മിക്കുക

കനാലിന്റെ ഇരുകരകളിലും ഫ്‌ളൈഓവർ

" സ്ഥലം ഏറ്റെടുക്കൽ പൂർത്തികരിക്കുന്നതോടെ കാലതാമസം ഇല്ലാതെ പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ ആരംഭിക്കും. എൽ.എ വിഭാഗം തഹസീൽദാരാണ് നഷ്ടപരിഹാരം ഭൂ ഉടമകൾക്ക് നൽകി സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത്.

അസി. എൻജിനീയർ, കേരള റോഡ് ഫണ്ട് ബോർഡ്