
ആലപ്പുഴ: ആലപ്പുഴ നഗരത്തെ അഴകുള്ളതാക്കി മാറ്റുവാൻ ഒരു വശത്ത് തീവ്രശ്രമങ്ങൾ മുന്നേറുമ്പോൾ, മറുവശത്ത് മാലിന്യ നിക്ഷേപ കള്ളമ്മാർ വിലസുന്നു. രാത്രികാല പരിശോധനാ സ്ക്വാഡുകളുടെ വലയിൽ ഇനിയും കുരുങ്ങാത്ത വിരുതരാണ് അടുക്കള മാലിന്യങ്ങളും പ്ലാസ്റ്റിക്കുമുൾപ്പടെ വഴിയരികിൽ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം പേരെ പിടികൂടുകയും, പിഴ ചുമത്തുകയും, മേൽവിലാസമടക്കം പേര് പ്രസിദ്ധപ്പെടുത്തുകയും ചെയ്തതോടെ വലിയ രീതിയിൽ മാലിന്യ നിക്ഷേപകർ പിൻമാറിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ദിവസവും വ്യത്യസ്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനക്കിറങ്ങുന്നത്. ഇതോടെ മറ്റ് സ്ഥലങ്ങളിലേക്കെത്തിയാണ് പലരും മാലിന്യ കിറ്റുകൾ ഉപേക്ഷിക്കുന്നത്. മഴക്കാലമെത്തിയതോടെ അടുക്കള മാലിന്യമടക്കം ഇത്തരത്തിൽ വഴിയരികിൽ ഉപേക്ഷിക്കുന്നത് പകർച്ച വ്യാധികൾ പടരാൻ വഴിയൊരുക്കും. കൂടാതെ ഇത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ വീണ്ടും കൂട്ടം കൂടി തമ്പടിക്കാനും സാധ്യതയുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തെ കുറിച്ച് കുട്ടികൾക്കടക്കം അറിവ് പകരുകയും, ബയോ ബിന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, വലിയൊരു ജനവിഭാഗം ഇനിയും ഇത്തരം ശുചിത്വ സംരക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. 52 വാർഡുകളിലും ഡീപ് ക്ലീനിംഗും മാസ് നഗര ശുചീകരണവും കഴിഞ്ഞ മാസമാണ് പൂർത്തിയായത്.
.....................
#മാലിന്യം തരം തിരിച്ച് സ്വീകരിക്കാൻ ഹരിത കർമ്മസേന വീടുകളിലെത്തും
#എല്ലാ വാർഡിലും ഏയറോബിക് യൂണിറ്റുകളുണ്ട്
#വീടുകളിൽ സ്ഥാപിക്കാൻ ബയോ കമ്പോസ്റ്റർ ലഭ്യം
#ഇ - വേയ്സ്റ്റ് ശേഖരണ ബിന്നുകളുണ്ട്
പ്രഭാത സവാരിക്കിറങ്ങുന്നവർക്ക് ഇന്നും പുലരിക്കാഴ്ച്ച വഴിയരികിലെ മാലിന്യ നിക്ഷേപങ്ങളാണ്. എത്ര നടപടികളുണ്ടായിട്ടും ചിലർ ഇത്തരം ഹീനപ്രവൃത്തികളിൽ നിന്ന് പിൻമാറില്ലെന്ന വാശിയിലാണ്.
സലിം പുളിമൂട്ടിൽ, പൊതുപ്രവർത്തകൻ