photo

ആലപ്പുഴ: കുട്ടനാട്ടിലെ കാലിവളർത്തുന്ന കർഷകർക്ക് ആശ്വാസം പകരാൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലിന്റെ പ്രവർത്തനം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. പ്ലാൻ ഫണ്ടിൽ പെടുത്തിയാണ് എല്ലാ വർഷവും ഹോസ്പിറ്റലിന്റെ പ്രവർത്തനത്തിനായി ചെലവഴിക്കുന്നത്. 2022-2023 വർഷത്തെ പദ്ധതി പ്രകാരമുള്ള തുക ചെലവഴിച്ചുള്ള പ്രവർത്തനോദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാർ പി.എസ്.എം. ഹുസൈൻ നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചാർജുള്ള ചീഫ് വെറ്ററിനറി ഓഫീസർ ഡോ. വിനയകുമാർ, ഡെപ്യൂട്ടി ഡയറക്ടറുടെ ചാർജുള്ള മോട്ടോർ ബോട്ട് സീനിയർ വെറ്ററിനറി സർജൻ ഡോ.വിമൽ സേവ്യർ, ഫീൽഡ് ഓഫീസർ സി.ജി. മധു, ഡോ. സ്വാതി സോമൻ എന്നിവർ പങ്കെടുത്തു. കൈനകരി, പള്ളാത്തുരുത്തി, കുപ്പപ്പുറം പുന്നമട, നെഹ്രുട്രോഫി, തിരുമല തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്കു വേണ്ടി ആഴ്ചയിൽ ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലിന്റെ സേവനം ലഭിക്കുന്നത്‌.