fire-ennakkad

മാന്നാർ: കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽനിന്നും തീപടർന്ന് വീട് പൂർണമായും കത്തിനശിച്ചു. ബുധനൂർ പഞ്ചായത്ത് 13-ാം വാർഡിൽ എണ്ണക്കാട് ഉത്താംപള്ളിൽ വീട്ടിൽ സന്തോഷിന്റെ (42) വീടാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ 7.10 നാണ് സംഭവം. വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന സന്തോഷ് രാവിലെ കാപ്പി തിളപ്പിക്കാൻ അടുപ്പ് കത്തിച്ചശേഷം പുറത്തേക്ക് ഇറങ്ങിയ നേരത്ത് പ്ലാസ്റ്റിക്ക് പടുതയിൽ തീപടർന്ന് പിടിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്തംഗം അഡ്വ.ജി.ഉണ്ണികൃഷ്ണൻ അഗ്നിശമനസേനയെ വിവരംഅറിയിക്കുകയും നാട്ടുകാരുമായി ചേർന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ചെങ്ങന്നൂരിൽ നിന്നും അഗ്നിശമനസേനഎത്തിയാണ് തീപൂർണമായും അണച്ചത്. നിരവധി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ഇവിടെ ജനപ്രതിനിധിയുടെയും നാട്ടുകാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടലിൽ വൻദുരന്തമാണ് ഒഴിവായത്.