photo

ആലപ്പുഴ: എം.ഡി.എം.എ മയക്കുമരുന്നുമായി എത്തിയ ആറ് അംഗ സംഘത്തെ വാഹനപരിശോധനയ്ക്കിടെ നർക്കോട്ടിക് വിഭാഗം പൊലീസ് സംഘം പിടികൂടി. 10ഗ്രാം എം.ഡി.എം.എയും ഇവർ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണഞ്ചേരി എട്ടുകണ്ടം കോളനിയിൽ കണ്ണൻ (മാട്ടകണ്ണൻ-31), എറണാകുളം ചേരാനെല്ലൂർ പീടിയേക്കൽ റോണി (30), എറണാകുളം ചേരാനെല്ലൂർ മുഹമ്മദ് ഫൈസൽ (47), മണ്ണഞ്ചേരി ആഷ്നാ മൺസിൽ അഷീഖ് (30), മണ്ണഞ്ചേരി പൊന്നാട് ഫാസിയ മൺസിലിൽ അഫ്സൽ (32), മണ്ണഞ്ചേരി ചക്കാല വെളിയിൽ മുഹമ്മദ് സഫിദ് (സനൂജ്-35) എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൂട്ടാളികളുമാണിവർ.

പൊലീസ്‌ മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ നാർകോട്ടിക് സെല്ലിന്റെയും ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി സി.ഐ മോഹിത് ഉൾപ്പെട്ട പ്രത്യേക സംഘം നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്.

ലഭിക്കുന്നത് ക്വട്ടേഷൻ സംഘം വഴി
മണ്ണഞ്ചേരി ഐ.ടി.സി കോളനിക്ക് സമീപം കുന്നിനകം ഭാഗത്തു നിന്നും ചെറുകിട വില്പന ലക്ഷ്യം വച്ചാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി, ആലപ്പുഴ , പുന്നമട തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുവന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നായ 10 ഗ്രാം എം.ഡി.എം.എ ആണ് പൊലീസ് പിടിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീമിൽ നിന്നും നേരിട്ട് വാങ്ങി നാട്ടിൽ വിൽക്കാൻ കൊണ്ടു വന്നതാണെന്നും ഗ്രാമിന് രണ്ടായിരം മുതൽ അയ്യായ്യിരം രൂപ വരെ വിലയ്ക്കാണ് വില്പന നടത്തുന്നതെന്നും ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. മാസത്തിൽ

രണ്ടു മൂന്നു തവണ മുന്തിയ ഇനം കാർ വാടകയ്ക്ക് എടുത്ത് എറണാകുളത്ത് പോയി 10, 20 ഗ്രാം വീതം വാങ്ങി വില്പന നടത്തി വരുകയായിരുന്നു. വൻ തോതിൽ എം.ഡി.എം.എയും കഞ്ചാവും ആലപ്പുഴയിലേയ്ക്ക് ക്വട്ടേഷൻ സംഘങ്ങൾവഴി എത്തുന്ന സാഹചര്യത്തിൽ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു.