
തുറവൂർ : കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 17 ന് നടക്കും. ബി.ജെ.പി ഭരണം നടത്തിയിരുന്ന പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് ഇരു സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. 17 ന് രാവിലെ 11 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഉച്ചയ്ക്ക് 2 ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. പട്ടണക്കാട് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ഇൻ ചാർജ് ജി. പ്രവീണയാണ് വരണാധികാരി. 15 അംഗ പഞ്ചായത്ത് ഭരണ സമിതിയിലെ കക്ഷി നില ഇങ്ങനെ :ബി.ജെ.പി-7, കോൺഗ്രസ് - 5, സി.പി.എം. - 2, സി.പി.ഐ - ഒന്ന്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗവും, നേതൃയോഗവും 16 ന് ഡി.സി.സി പ്രസിഡൻറ് ബി.ബാബുപ്രസാദിന്റെ സാന്നിദ്ധ്യത്തിൽ ചേരും. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ കോൺഗ്രസിനെ സി.പി.എം, സി.പി.ഐ അംഗങ്ങൾ പിന്തുണയ്ക്കുമെന്നാണ് സൂചന. എന്നാൽ ജില്ലാതലത്തിലുള്ള നേതാക്കൾ തമ്മിലുള്ള തീരുമാനപ്രകാരം ബി.ജെ.പിയുടെ പേരിൽ ഇടത്-വലത് മുന്നണികൾ തമ്മിലുള്ള കൂട്ടുക്കെട്ടിനെതിരെ പ്രാദേശിക തലത്തിൽ സി.പി.എമ്മിലും സി. പി.ഐയിലും കോൺഗ്രസിലും ഉള്ള പ്രാദേശിക നേതാക്കളിലും പ്രവർത്തകർക്കുമിടയിൽ അതൃപ്തിയും മുറുമുറുപ്പും ഉയരുന്നുണ്ട്.