ചേർത്തല:മുഖ്യമന്ത്റിയെ യൂത്ത് കോൺഗ്രസ് അക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ചേർത്തല നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ അക്രമം.വടക്കേ അങ്ങാടി കവലക്ക് കിഴക്കുള്ള ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി.കോൺഗ്രസിന്റെ കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സി.പി.എം ഏരിയാകമ്മി​റ്റി ഓഫീസിനു മുന്നിൽ നിന്നും പ്രകടനം ആരംഭിച്ചത്. ബ്ലോക്ക് കോൺഗ്രസ് ഓഫീസിനു മുന്നിൽ പൊലീസ് സംരക്ഷണമേർപ്പെടുത്തിയിരുന്നു.എന്നാൽ പ്രകടനത്തിനിടെ കല്ലേറുണ്ടായി.തടയാൻ പൊലീസ് ശ്രമിച്ചപ്പോൾ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി.പ്രകടനത്തിനുശേഷം നടന്ന സമ്മേളനം സംസ്ഥാന കമ്മി​റ്റിയംഗം സി.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ജി.ധനേഷ് കുമാർ അദ്ധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി ദിനൂപ് വേണു,കെ.കെ.ജിസ്മി,അനുപ്രിയ,പി.എസ്.സുധീഷ്,എസ്.സുരേഷ്,ടി.എസ്.സനോജ്,ആശാഗോപൻ,അഖിൽ എന്നിവർ പങ്കെടുത്തു.