malinyam

ചാരുംമൂട് : പരാതികൾക്കും ജനകീയ സമരങ്ങൾക്കും ഒടുവിൽ ചാരുംമൂട്ടിലെ മാലിന്യക്കൂമ്പാരം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യാൻ തുടങ്ങി. അജൈവ മാലിന്യസംസ്‌കരണത്തിനായി ചാരുംമൂട് ജംഗ്ഷന്റെ പലഭാഗത്തായി സ്ഥാപിച്ച ബിന്നുകളും അതിന് സമീപവും മാലിന്യങ്ങൾ നിറഞ്ഞ് വലിയ പാരിസ്ഥിതിക പ്രശ്നമായി മാറിയിരുന്നു. ബിന്നുകളിൽ നിന്ന് മാലിന്യം സംഭരിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം ഇല്ലാതെ വന്നതോടെ പദ്ധതി പാളുകയും ബിന്നുകൾ ചാക്കിട്ടു മൂടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ബിന്നുകൾക്ക് മുന്നിൽ മാലിന്യം ചാക്കുകളിലും കവറുകളിലും കൂന കൂടി വലിയ പാരിസ്ഥിതിക പ്രശ്നമായി മാറി. കേരളകൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ വാർത്തയാവുകയും തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്തു.

ബി.ജെ.പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

ചാരുംമൂട്ടിലെ മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും അശാസ്ത്രീയമായി സ്ഥാപിച്ച ബിന്നുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ചാരുമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി ആലപ്പുഴ ജില്ലാ സെക്രട്ടറി കെ സഞ്ചു സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പ്രഭകുമാർ മുകളയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര , മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ പിയൂഷ് ചാരുംമൂട് , ജില്ലാ കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രൻ , രാധാകൃഷ്ണൻ ഉണ്ണിത്താൻ, ജഗദമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നേതാക്കന്മാരായ അനിൽ പുന്നക്കാക്കുളങ്ങര, രമ്യ കൃഷ്ണൻ , നവാസ് ആദിക്കാട്ടുകുളങ്ങര, സുധീർ സുലൈമാൻ റാവുത്തർ, ജെയിംസ് ചാരുംമൂട് , അശോകൻ കണ്ണനാകുഴി , വിഷ്ണു ചാരുംമൂട് , ശോഭ രവീന്ദ്രൻ, റാണി സത്യൻ, ഷാജി വട്ടക്കാട്, സുമ ഉപാസന, ഉദയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപ ആർ. നായർ ,ദീപ ജ്യോതിഷ്, ആര്യ എന്നിവർ നേതൃത്വം നൽകി.

പ്രതിഷേധത്തിനൊടുവിൽ മാലിന്യവും ബിന്നും നീക്കം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അധികൃതർ
പോസ്റ്റ് ഓഫീസിന് സമീപത്തെ മാലിന്യക്കൂമ്പാരവും ബിന്നും നീക്കം ചെയ്തു. അവിടെ ചെടികളും നട്ടു.

...........................
പ്രതിഷേധങ്ങൾക്കൊടുവിൽ മാലിന്യം നീക്കം ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നു. സമാനമായി ജംഗ്ഷന്റെ മറ്റുഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബിന്നുകളും നീക്കം ചെയ്ത് മാലിന്യ പ്രശ്നം പൂർണമായി പരിഹരിക്കണം.

ഹരീഷ് കാട്ടൂർ, ബി.ജെ.പി

ചാരുംമൂട് മണ്ഡലം പ്രസിഡന്റ്