
ആലപ്പുഴ: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായി ബോധവത്ക്കണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അദാലത്തിൽ 21 വയോജനങ്ങൾ പരാതിയുമായെത്തി. പെൻഷൻ, കുടുംബത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ സംബന്ധിച്ചുള്ളവയായായിരുന്നു പരാതികളിൽ ഏറെയും. പൊലീസിന്റെ സഹായത്തോടെ പരാതികളിൽ അന്വേഷണം നടത്തും. പ്രശ്‌ന പരിഹാരത്തിനായി എതിർ കക്ഷികളെ പങ്കെടുപ്പിച്ച് ജൂൺ 31ന് രണ്ടാംഘട്ട അദാലത്ത് നടത്തും. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം.ടി.ജലജാറാണി അദാലത്ത് ഉദ്ഘാടനം ചെയ്തു. കോടതി സമുച്ചയത്തിലെ ജില്ലാ നിയമ സേവന അതോറിട്ടി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് ബി.രംഗരാജ് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ പ്രൊബേഷൻ ഓഫീസർ ജി.സന്തോഷ്, ആലപ്പുഴ നോർത്ത് എസ്.ഐ അജേഷ് കുമാർ എന്നിവർ പങ്കെടുത്തു.