
അമ്പലപ്പുഴ: ജീവിത സാഹചര്യങ്ങളെ വെല്ലുവിളിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ആറ് എ പ്ലസോടുകൂടി സുവർണ വിജയം നേടി അനിത. ആലുവ സെന്റ് ഫ്രാൻസിസ് ഗവ. ഹൈസ്ക്കുളിലെ വിദ്യാർത്ഥിനിയാണ് അനിത. തെരുവോരങ്ങളിൽ ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തിയ തമിഴ്നാട് സ്വദേശി പരേതനായ മാരിയപ്പന്റെയും തിലകയുടെയും മകളായ എസ് .അനിതയാണ് എസ് .എസ് .എൽ. സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയത്. കഴിഞ്ഞ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വൈകല്യമുള്ള കുട്ടിക്ക് പകരമായി അനിത പരീക്ഷ എഴുതി നൽകി 80 ശതമാനം മാർക്കും ലഭിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് കപ്പക്കട ജംഗ്ഷന് സമീപം കഴിയുകയായിരുന്നു കുടുംബം . ആക്രി പെറുക്കി മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്ന അനിത, സഹോദരങ്ങളായ അനു, ,മാധവൻ എന്നിവരെ ആലുവ ജന സേവ ശിശുഭവനിൽ പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളിയാണ് പഠനത്തിനായി എത്തിച്ചത്. പിതാവ് മാരിയപ്പന്റെ മരണശേഷം സാമൂഹിക പ്രവർത്തക നെർഗീസ് ബീഗത്തിന്റെ സഹായത്തോടു കൂടി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി ജോയി ആലൂക്കാസിന്റെ സഹായത്തോടു കൂടി വിട് നിർമ്മിച്ച് നൽകി. സഹോദരങ്ങളായ അനു പ്ലസ് ടു വി നും ,മാധവൻ പത്താം ക്ലാസിലും പഠിക്കുന്നു.