മാന്നാർ: എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്ത് വന്നപ്പോൾ സംസ്ഥാനതല വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേതിലും നേരിയകുറവ് ഉണ്ടായെങ്കിലും മാന്നാറിലെയും ചെന്നിത്തലയിലെയും സ്‌കൂളുകൾ മികവുറ്റ വിജയമാണ് നേടിയത്. മാന്നാർ നായർ സമാജം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ, ശ്രീ ഭൂവനേശ്വരി ഹയർസെക്കൻഡറി സ്‌കൂൾ, കുട്ടംപേരൂർ എസ്.കെ.വി ഹൈസ്‌കൂൾ, ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ, മഹാത്മാ ഗേൾസ് എന്നിവിടങ്ങളിൽ നൂറുമേനി വിജയംകൊയ്തു. തുടർച്ചയായി നൂറുശതമാനം വിജയം നേടിക്കൊണ്ടിരുന്ന നായർസമാജം ഗേൾസ് സ്‌കൂളിന് നേരിയ വ്യത്യാസത്തിൽ നൂറുമേനി നഷ്ടമായെങ്കിലും (99 %) 13 എ പ്ലസ് നേടാൻ കഴിഞ്ഞു.

108 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കുട്ടംപേരൂർ എസ്.കെ.വി ഹൈസ്‌കൂൾ പതിനഞ്ച് എ പ്ലസ് നേടിയപ്പോൾ 61 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിൽ 12പേർ എ പ്ലസ് നേടി.