ഹരിപ്പാട്: തിരുവനന്തപുരത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മുട്ടം ജലജ വധക്കേസിലെ പ്രതി മുട്ടം പീടികപറമ്പിൽ ശശി, മണി ദമ്പതികളുടെ മകൻ സജിത്തി (40)ന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ വീട്ടിൽ എത്തിച്ച മൃതദേഹം 4 മണിയോടെ സംസ്കരിച്ചു. സജിത്തിന്റെ സഹോദരൻ മനീഷ് വിദേശത്ത് ആയതിനാൽ പിതാവിന്റെ സഹോദരന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി. സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നും മരണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിലുണ്ട്. തൈക്കാട്ട് പൊതു ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണം എന്നും വീട്ടിൽ കൊണ്ട് പോകരുതെന്നും കുറിപ്പിൽ ഉണ്ടായിരുന്നു. 2015 ഓഗസ്റ്റ് 13നാണ് ഹരിപ്പാട് മുട്ടം സ്വദേശിയായ ജലജയെ വീട്ടിനുള്ള മരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ സജിത്ത് ജാമ്യം ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്ത് താമസമാക്കിയിരുന്നു. ആഗസ്റ്റ് 3ന് വിചാരണ തുടങ്ങാനിരിക്കെയാണ് മരണം.