ആലപ്പുഴ: തകഴിയിൽ വീണ്ടും പൈപ്പ് പൊട്ടിയതോടെ കുടിവെള്ളം മുട്ടി നഗരവാസികൾ. എഴുപത്തിയൊന്നാം പൊട്ടലോടെ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മൂന്ന് ദിവസത്തേക്ക് പൂർണമായും നിറുത്തി. ഇതോടെ ആലപ്പുഴ നഗരവും സമീപത്തെ ഏഴ് പഞ്ചായത്തുകളും വീണ്ടും കുടിവെള്ള പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പൊട്ടലുണ്ടായ ഭാഗത്ത് പരിഹാര നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുഴിക്കും തോറും പൊട്ടലിന്റെ വ്യാപ്തി കൂടുകയോ, കൂടുതൽ പൊട്ടലുണ്ടാവുകയോ ചെയ്താൽ പരിഹരിക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും. ചെറിയ പൊട്ടലാണെങ്കിൽ രണ്ട് ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. തകഴി ഭാഗത്ത് ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റിയിടൽ പൂർത്തിയാകാത്തതാണ് ആവർത്തിച്ചുള്ള പൊട്ടലിന് കാരണം. പൈപ്പ് മാറ്റിയിടലിന്റെ രണ്ടാം ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പൊട്ടലുണ്ടായ തകഴി ഭാഗം മൂന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. സ്കൂളുകൾ പുനരാരംഭിച്ചതിനാൽ തുടച്ചയായി ദിവസങ്ങളോളം വെള്ളമില്ലാതിരിക്കുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.

നഗരത്തിന്റെ വടക്ക്, പടിഞ്ഞാറ് മേഖലകളിലും, ആര്യാട് പഞ്ചായത്തിലും കഴിഞ്ഞ ഒരു മാസത്തിലേറെയായി ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ഇതിനിടെയാണ് പമ്പിംഗ് പൂർണമായി നിലച്ചത്. പല വീടുകളിലും കുഴൽക്കിറുണ്ടെങ്കിലും, ഇതിൽ ലഭിക്കുന്ന ജലം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ സ്വകാര്യ ആർ.ഒ പ്ലാന്റുകളാണ് ജനങ്ങളുടെ ആശ്രയം. ജില്ലയിൽ അരലക്ഷത്തോളം കുടുംബങ്ങളാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയെ പൂർണമായും ആശ്രയിക്കുന്നത്. ഫ്ലൂറൈഡും, കോളിഫോം ബാക്ടീരിയയും അടങ്ങിയ വെള്ളത്തിൽ നിന്ന് മോചനം പ്രതീക്ഷിച്ചാണ് ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും, ദാഹജലം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ആലപ്പുഴക്കാർ.

.........

# ആശ്രയം കുഴൽക്കിണർ

ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ നിന്ന് ജലവിതരണം തടസ്സപ്പെട്ടാൽ പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ കുഴൽക്കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുകയാണ് പതിവ്. ഈ കുഴൽക്കിണറുകൾ കൂടി തകരാറിലായാൽ ജലവിതരണം ആകെ താളം തെറ്റും. സ്ഥിരം പൈപ്പ് പൊട്ടുന്ന അമ്പലപ്പുഴ കേളമംഗലം മുതൽ തകഴി പാലം വരെയുള്ള 371 മീറ്ററിലെ പൈപ്പ് പുനഃസ്ഥാപിച്ചു. പാലം മുതൽ തകഴി റെയിൽക്രോസ് വരെയുള്ള 1060 മീറ്റർ കൂടി പുനഃസ്ഥാപിച്ചാലേ പ്രശ്ന പരിഹാരമാകൂ.

........

പൊട്ടലുണ്ടായ സ്ഥലത്ത് പരിഹാര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് പമ്പിംഗ് നിർത്തിവെച്ചത്. പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കും.

എ.ഇ, ജല അതോറിട്ടി