
അമ്പലപ്പുഴ: യു.കെ.ഡി ഉണ്ണികൃഷ്ണന് നാടിന്റെ ആദരം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ യത്നിച്ച അദ്ധ്യാപകനായ ഉണ്ണി സപുന്നപ്ര പൗരാവലി സ്വീകരണം നൽകി. നൂറുകണക്കിന് മത്സ്യ, കാർഷിക മേഖലയിലെ തൊഴിലാളി കുടുംബങ്ങളിലെയും പാവപ്പെട്ട വിദ്യാർത്ഥികളെയും ഉന്നത വിജയം കരസ്ഥമാക്കാനും അവരെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരന്മാരായി വാർത്തെടുക്കാനും ജീവിതം ഉഴിഞ്ഞുവെച്ച് പ്രവർത്തിക്കുന്ന ഉണ്ണിയുടെ സ്ഥാനം ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജി.സൈറസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർമാക്കിയിൽ ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ ഷീജ, എൻ.കെ ബിജു വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇ.കെ ജയൻ, ജി മനോജ്കുമാർ, പുന്നപ്ര മധു, ഹസൻ.എം.പൈങ്ങമഠം, യു.എം കബീർ, നൂറുദ്ദീൻഹാഫിയത്ത്, നിസാർവെള്ളാപ്പള്ളി, ജോബ്ജോസഫ്, മൈക്കിൾ.പി.ജോൺ, സുധീർപുന്നപ്ര തുടങ്ങിയവർ സംസാരിച്ചു. പൗരസമിതി ഭാരവാഹികളായ തയ്യിൽഹബീബ്, നസീർസലാം തുടങ്ങിയവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി.