badusha-siyad

മാന്നാർ: പുലർച്ചെ മൂന്നരക്ക് കടതുറന്ന് എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കി കച്ചവടം ആരംഭിച്ച് എട്ട് മണിയോടെ പിതാവിനെ ഏൽപ്പിച്ച് ട്യൂഷൻ ക്ളാസിലേക്കും ഒമ്പതരയോടെ സ്‌കൂളിലേക്കും പായുന്ന ബാദുഷ സിയാദിനു എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ചത് ഫുൾ എ പ്ലസ്. മാന്നാർ കുറ്റിയിൽമുക്കിന് തെക്കുവശം അൽനൂർ സ്‌നാക്‌സ് ആൻഡ് ടീ കോർണർ ഉടമ നാദംപറമ്പിൽ സിയാദ് അഹ്‌മദ്‌കുഞ്ഞിന്റെയും അഫീന സിയാദിന്റെയും മകനായ ബാദുഷ സിയാദ് മാന്നാർ നായർസമാജം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നുമാണ് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസോടെ പാസായത്.

ആറാംക്ലാസ് മുതലാണ് സ്‌കൂൾ പഠനസമയത്തിന് ശേഷം വൈകുന്നേരങ്ങളിൽ പിതാവിനെ സഹായിക്കാൻ കടയിൽ എത്തിയിരുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കലശലായ വയറുവേദനയെത്തുടർന്ന് പിതാവിനു ഉദര ശസ്ത്രക്രിയ ചെയ്യേണ്ടി വന്നപ്പോൾ കടയുടെ ചുമതല പൂർണ്ണമായും ഏറ്റെടുക്കുകയായിരുന്നു. കടയിൽ എത്തുന്നവർക്കെല്ലാം പ്രിയപ്പെട്ടവനായ ബാദുഷ കച്ചവടത്തിലും പാചകത്തിലും അഗ്രഗണ്യനാണ്. വൈകിട്ട് ആറരയോടെ കടയടച്ച് വീട്ടിലെത്തിയതിനു ശേഷം തുടങ്ങുന്നപഠനം രാത്രിപത്തുമണി വരെ നീളും. ബാദുഷയുടെ അദ്ധ്വാന ശീലത്തെക്കുറിച്ച് അറിയുമായിരുന്ന അദ്ധ്യാപകർ പഠനകാര്യത്തിൽ ആവശ്യമായ പിന്തുണ നൽകിയിരുന്നു. നായർസമാജം സ്‌കൂളിൽ തന്നെ പ്ലസ്‌വൺ സയൻസിനു ചേർന്ന് പഠിക്കണമെന്നാണ് ബാദുഷയുടെ ആഗ്രഹം. നായർസമാജം സ്‌കൂളിൽ തന്നെ എട്ടാംക്ലാസിൽ പഠിക്കുന്ന അഹമ്മദ് താഹിറും പ്ലസ്‌ടു പരീക്ഷഎഴുതി ഫലം കാത്തിരിക്കുന്ന ഫാത്തിമയും ആണ് ബാദുഷയുടെ സഹോദരങ്ങൾ.