
ആലപ്പുഴ: വീട്ടുമുറ്റത്ത് വളർത്തിയ കഞ്ചാവ് ചെടിയും അഞ്ച് കിലോ ചന്ദനത്തടിയുമായി യുവാവ് പിടിയിൽ. കലവുരിൽ ലെപ്രസിക്ക് സമീപം നമ്പുകുളങ്ങരവെളി ദീപുമോനാണ് (34) പിടിയിലായത്. വീട്ടുമുറ്റത്ത് വളർത്തിയ ഒരുമീറ്റർ നീളമുള്ള കഞ്ചാവ് ചെടി പിടിച്ചെടുത്തു. 1000 പായ്ക്കറ്റ് ഹാൻസും ചന്ദനത്തടിയും ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടി.
ജില്ലാ പൊലീസ് മേധാവി ജെ. ജെയ്ദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. മാസങ്ങളായി ഇയാൾ മദ്യത്തിന്റെയും ലഹരി പദാർത്ഥങ്ങളുടെയും വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാർക്കോട്ടിക് സെൽ ഡിവൈ എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലുളള മണ്ണഞ്ചേരി സി.ഐ മോഹിത്, എസ്.ഐ കെ.ആർ. ബിജു എന്നിവരാണ് പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെയ്തതിൽ ഇയാളിൽ നിന്ന് മദ്യവും മാറ്റ് ലഹരി വസ്തുക്കളും വാങ്ങുന്നവരെയും ഇവ എത്തിച്ച് കൊടുക്കുന്നവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും എം.കെ. ബിനുകുമാർ പറഞ്ഞു.