ഹരിപ്പാട്: മുതുകുളം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നുളള ബി.ജെ.പി. അംഗം ജി.എസ്. ബൈജു രാജിവെച്ചു. ഏറെ നാളായി പ്രാദേശിക നേതൃത്വവുമായി നിലനിന്ന അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് രാജി. മുതുകുളത്തെ ബി.ജെ.പി.യുടെ മുഖമായിരുന്ന ബൈജു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിലും അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ വിജയത്തോടെയാണ് മുതുകുളം ഗ്രാമപ്പഞ്ചായത്തിൽ ആദ്യമായി ബി.ജെ.പി.ക്ക് ഒരു പ്രതിനിധിയുണ്ടാകുന്നത്. പതിനഞ്ചംഗ ഭരണ സമിതിയിൽ സി.പി.എമ്മിനും കോൺഗ്രസിനും അഞ്ചു അംഗങ്ങൾ വീതമാണുളളത്. ബി.ജെ.പി.ക്കു നാലു അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ സി.പി.എമ്മാണ് ഭരണം നടത്തുന്നത്. തത്ക്കാലം ഭരണ സമിതിക്കു ഭീഷണിയില്ലെങ്കിലും ഉപതിരഞ്ഞെടുപ്പു ഫലം ഭാവിയിൽ നിർണായകമാകാൻ സാധ്യതയുണ്ട്.