തുറവൂർ : ദേശീയപാതയിലെ തുറവൂർ സിഗ്നൽ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നൽ കണ്ട് മുന്നോട്ടെടുത്ത മൂന്ന് വാഹനങ്ങളാണ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ആയിരുന്നു അപകടം. തെക്ക് നിന്ന് വടക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനങ്ങൾ .സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന വാഹനങ്ങൾ പച്ച സിഗ്നൽ കണ്ട് മുന്നോട്ടെടുത്തപ്പോൾ പിൻഭാഗത്ത് നിന്ന് ഒരു വാഹനം ഡിവൈഡറിൽ ഇടിച്ചു കയറി ഇടതുഭാഗത്തു കൂടി മുന്നോട്ടു നീങ്ങി .ഈ വാഹനം മറിയുമെന്ന് കണ്ട് മറ്റൊരു കാർ ബ്രേക്ക് ചെയ്യുകയും തുടർന്ന് കാറിന്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു .ഇതിന് പിന്നിൽ പിന്നാലെ വരികയായിരുന്നു ഇന്നോവ കാറും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ ചോർന്നു റോഡിലൊഴുകി. ഓടിക്കൂടിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് തള്ളി നീക്കിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.