arr
സിറാജുദ്ദീൻ

അരൂർ: പിക്കപ്പ് വാനിന് പിന്നിൽ നിയന്ത്രണം തെറ്റിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തൃശൂർ എരമല്ലൂർ പുതു വീട്ടിൽ അബ്ദുൽ ജബാർ - ആമിന ദമ്പതികളുടെ മകൻ സിറാജുദ്ദീൻ ( 24 ) ആണ് മരിച്ചത്. ദേശീയ പാതയിൽ അരൂർ ക്ഷേത്രം കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 1.40നായിരുന്നു അപകടം. മുന്നിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ കാറിൽ തട്ടാതിരിക്കാൻ ബ്രേക്കിട്ട ബസ് നിയന്ത്രണം തെറ്റി ഇടതു വശത്തു കൂടി പോയ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്ന് അരൂർ പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കണ്ണൂർക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പാഞ്ഞ പിക്കപ്പ് വാൻ മീഡിയനിലെ തെരുവ് വിളക്ക് തൂൺ തകർത്ത ശേഷം റോഡരികിലെ മൺകൂനയിൽ കയറി മറിഞ്ഞാണ് നിന്നത്. ഗുരുതര പരിക്കേറ്റ സിറാജുദ്ദീനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കരുനാഗപള്ളിയിൽ പോയ ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു സിറാജുദ്ദീൻ. സഹോദരങ്ങൾ: മുഹമ്മദ് ജെംഷീർ, അൻസാർ.