ആലപ്പുഴ: വായനക്കാരുടെ വീടുകളിൽ ഇഷ്ട പുസ്തകമെത്തിക്കുന്നതിനുള്ള ആലപ്പുഴ നഗരസഭയുടെ 'വിജ്ഞാന നഗരം - വായനശാല വാതിൽപ്പടിയിൽ' പദ്ധതിക്ക് നാളെ തുടക്കമാകും. മൊബൈൽ ആപ്പുവഴി ബുക്കുചെയ്താൽ പുസ്തകം വീട്ടിലെത്തുന്നതാണ് പദ്ധതിയെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യാ രാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുസ്തകം വീട്ടിലെത്തിക്കാനും വായിച്ചുകഴിഞ്ഞ് തിരികെ വാങ്ങി ലൈബ്രറിയിലെത്തിക്കാനും വോളന്റിയർമാരുണ്ടാകും. നിശ്ചിത തുക യൂസർ ഫീ വായനക്കാർ നൽകണം. നഗരസഭാ ലൈബ്രറിയിലെ 40,000 വരുന്ന പുസ്തകങ്ങൾ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തഘട്ടത്തിൽ നഗരത്തിലെ മറ്റു വായനശാലകളിലെയും പുസ്തകങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും.

ഐ.ടി. വിദഗ്ധൻ ജോയ് സെബാസ്റ്റ്യന്റെ സൗജന്യമായി മേൽനോട്ടത്തിൽ നാലുയുവാക്കൾ ഇന്റേൺഷിപ്പിലാണ് ആപ്പിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം ജോലികൾ പൂർത്തീകരിച്ചത്. ആപ്പിന് പേരിടാനുള്ള മത്സരം തുടരുകയാണ്. പേര് നിശ്ചയിക്കപ്പെട്ടശേഷം ആപ്പ് ഡൗൺലോഡ് ചെയ്തുപയോഗിക്കാം. ഒരു വാർഡിൽ കുറഞ്ഞത് 50 പേരുടെയെങ്കിലും അംഗത്വം നഗരസഭാ ലൈബ്രറിയിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ടൗൺഹാളിൽ നാളെ രാവിലെ 10.30ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് നിർവഹിക്കും. മൊബൈൽ ആപ്പ് സ്വിച്ച് ഓൺ കർമ്മം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ പി.എസ്.എ. ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആർ.വിനീത, എ.ഷാനവാസ്, ബീന രമേശ്, കെ.ബാബു, ഐ.ടി വിദഗ്ധൻ ജോയ് സെബാസ്റ്റ്യൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.