ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വിളംബര റാലി, ആരോഗ്യസെമിനാർ, വിവിധ ആരോഗ്യ പരിശോധനകൾ എന്നിവ മേളയുടെ ഭാഗമായുണ്ടാകുമെന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമേഹം- രക്തസമ്മർദ്ദ നിർണയ ക്ലിനിക്കുകകൾ, ബോഡി മാസ് ഇൻഡക്‌സ് പരിശോധന, പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണം, എലിപ്പനി പ്രതിരോധ മരുന്നുവിതരണം, സാന്ത്വനപരിചരണം, ടെലി കൺസൾട്ടേഷൻ വഴി സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ, കുടുംബാസൂത്രണ പദ്ധതികൾ പരിചയപ്പെടുത്തൽ, യോഗ-ധ്യാന കൺസൾട്ടേഷൻ, കാഴ്ച-കേൾവി പരിശോധനകൾ, ദന്തരോഗ പരിശോധന, മലമ്പനി നിർണയ ക്യാമ്പ്, കുഷ്ഠരോഗ പരിശോധന, ക്ഷയരോഗ നിർണയം, ആരോഗ്യ ചോദ്യോത്തര മത്സരം എന്നിവ മേളയുടെ ഭാഗമാണ്. ആയൂർവേദ-ഹോമിയോ മെഡിക്കൽ ക്യാമ്പും ആരോഗ്യമേളയുടെ ഭാഗമായുണ്ടാകും.
രാവിലെ ഒമ്പതിന് വിളംബരറാലി ആരംഭിക്കും. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മേള ഉദ്ഘാടനം ചെയ്യും. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ആർ.രാധാകൃഷ്ണൻ പദ്ധതി അവതരിപ്പിക്കും. കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.രജീഷ്, ഡോ.എം.ടി.പ്രതിഭ, വൈ.സാദിഖ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.