ചേർത്തല:കലാസാഹിത്യ മേഖലക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങളുമായി മാരാരിക്കുളം കേന്ദ്രീകരിച്ച് അക്ഷരസമിതി സാംസ്‌കാരികവേദി പ്രവർത്തനരംഗത്തേക്ക്.മാരാരിക്കുളം ഗ്രാമോദ്ധാരണസേവാസമിതിയുടെ കീഴിലാണ് വേദിയുടെ പ്രവർത്തനം.
പ്രാദേശികമായി കലാസാഹിത്യമേഖലകളിൽ അഭിരുചിയുള്ളവർക്ക് അവരുടെ സർഗഭാവനകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം,പി.മോഹനചന്ദ്രൻ,പി.സോമരാജ്,കെ.ആർ.കുറുപ്പ്,രാജുപള്ളിപ്പറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇതിനൊപ്പം സന്നദ്ധ രക്തദാനസേന,കിടപ്പരോഗികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ,അംഗപരിമിത ക്ഷേമം,സാമ്പത്തികമായിപിന്നാക്കം നിൽക്കുന്നവർക്ക് പഠന സഹായം എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
ഇന്ന് വൈകിട്ട് 3ന് മാരാരിക്കുളം കുഞ്ഞൻപിള്ള സ്മാരക ഹിന്ദിവിദ്യാലയ ഹാളിൽ നടക്കുന്ന ചടങ്ങിൽ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് സമിതി പ്രവർത്തനം ഉദ്ഘാടനം ചെയ്യും.ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷനാകും.ഗ്രാമോദ്ധാരണ സേവാസമിതി പ്രസിഡന്റ് പി.കെ.സുകുമാരകുറുപ്പ് അനുഗ്രഹ പ്രഭാഷണം നടത്തും.