sooraj-k

മാന്നാർ: കുട്ടംപേരൂർ ആറ്റിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുട്ടംപേരൂർ പന്ത്രണ്ടാം വാർഡ് സൂര്യോദയം വീട്ടിൽ കാർത്തികേയന്റെ മകൻ സൂരജ് .(15) ആണ് മരിച്ചത്. കുട്ടംപേരൂർ എസ്.കെ.വി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

ഇന്നലെ രാവിലെ ഏഴരമുതൽ സ്‌കൂളിൽ നടന്ന സ്റ്റുഡന്റ്‌സ് പൊലീസ്കേഡറ്റുകളുടെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്തശേഷം പന്ത്രണ്ടരയോടെ സ്‌കൂളിൽ നിന്നും മടങ്ങിയ സൂരജ് മൂന്നു കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണാമുക്കത്ത് കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ ചെളിയിൽ താഴ്ന്നു കിടന്ന സൂരജിനെ കരയ്‌ക്കെടുത്ത് പരുമലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 10.30 നു കുട്ടമ്പേരൂര്‍ എസ്.കെ.വി. സ്‌കൂളിൽ പൊതു ദര്‍ശനത്തിന് വച്ച ശേഷം ഉച്ചക്ക് 2 നു വീട്ടുവളപ്പിൽ സംസ്കരിക്കും. മാന്നാർ ഇരമത്തൂർ കൊറ്റത്തുവിള വടക്കതിൽ സുനിതയാണ് മാതാവ്. സൂര്യ ഏക സഹോദരിയാണ്.