ടൂറിസം കുതിക്കും

ആലപ്പുഴ: നഗരസഭ നെഹ്രുട്രോഫി വാർഡിൽ അമൃത് പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്ന നടപ്പാലം നിർമ്മാണത്തിന്റെ പുതിയ എസ്റ്റിമേറ്റിന് കൗൺസിൽ അംഗീകാരമായി. ഇതോടെ വർഷങ്ങളായി നെഹ്രുട്രോഫി വാർഡിലെ നൂറുകണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനാണ് വിരാമമാകും. അതിനൊപ്പം ടൂറിസം മേഖലയിലും പുതിയ ഉണർവിലേയ്ക്ക് നയിക്കും.

നിലവിൽ കിഴക്കേ തോട്ടാത്തോട് ഭാഗത്തെ കടത്ത് ഇറങ്ങിയാണ് തുരുത്ത് ഭാഗത്തുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അക്കരഇക്കരെ കടക്കുന്നത്. നടപ്പാലത്തിന്റെ ടെൻഡർ സിൽക്ക് ആദ്യം ഏറ്റെടുത്തിരുന്നു.

ആദ്യ അലൈൻമെന്റ് പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് പാലത്തിന്റെ അപ്രോച്ചിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജോലികൾ ആരംഭിക്കുന്നതിൽ സിൽക്കിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതിനെത്തുടർന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, ഡി.പി.ആർ തയ്യാറാക്കിയ കിറ്റ്‌കോയുടെ പ്രതിനിധികൾ, സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്കിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്റ്റീലിന്റെ വില വർദ്ധിച്ചതിനാൽ ടെൻഡർ ചെയ്ത നിരക്കിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയില്ലെന്ന് സിൽക്ക് അധികൃതർ അറിയിച്ചു. യോഗതീരുമാനം അനുസരിച്ച് അടിയന്തരമായി കിറ്റ്‌കോ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി. ഇന്നലെ നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗം എസ്റ്റിമേറ്റ് അംഗീകരിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാനതല സാങ്കേതിക സമിതിയിൽ നിന്ന് അനുമതി വാങ്ങുന്നതിനും കൗൺസിൽ തീരുമാനിച്ചു.

പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ഗൗരവതരമാണന്നും അവർക്കെതിരെ നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാബു, കക്ഷിനേതാക്കളായ എം.ആർ.പ്രേം, ഡി.പി.മധു, നസീർ പുന്നയ്ക്കൽ, അഡ്വ.റീഗോരാജു, പി.രതീഷ്, കൗൺസിലർമാരായ ഇല്ലിക്കൽ കുഞ്ഞുമോൻ, കെ.കെ.ജയമ്മ, എൽജിൻ റിച്ചാഡ്, കൊച്ചു ത്രേസ്യാമ്മ ജോസഫ്, മനു ഉപേന്ദ്രൻ, മുനിസിപ്പൽ എൻജിനീയർ ഷിബു നാലപ്പാട്ട്, സെക്രട്ടറി വേണു എന്നിവർ പങ്കെടുത്തു.

.......................................

"എല്ലാ തടസങ്ങളും നീക്കി നിയമാനുസൃതം നടപടികൾ പൂർത്തിയാക്കി അടിയന്തിരമായി നെഹ്രുട്രോഫി വാർഡിലെ നടപ്പാലം നിർമ്മിച്ച് പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കും.

സൗമ്യ രാജ്, ചെയർപേഴ്‌സൺ