ghh
സിപിഐ ഹരിപ്പാട് മണ്ഡലം സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.

ഹരിപ്പാട്: ഇന്ത്യയുടെ പൗരാണിക കാലഘട്ടത്തെ തെറ്റായി അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായാണ് സംഘപരിവാർ രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. ഹരിപ്പാട് മണ്ഡലം സമ്മേളനം മഹാദേവികാട് പുളിക്കീഴ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ തയ്യാറാക്കിയ അജണ്ട പ്രകാരം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതുമുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നവലിബറൽ നയങ്ങൾ പൂർണമായും നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി. വി സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്. രവി, എ. ഷാജഹാൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം എൻ. എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. സോമൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ പ്രവർത്തന റിപ്പോർട്ടും അസി. സെക്രട്ടറി പി. ബി സുഗതൻ രാഷ്ട്രീയ റിപ്പോർട്ടും ഒ. എ. ഗഫൂർ രക്തസാക്ഷി പ്രമേയവും സുഭാഷ് പിള്ളക്കടവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡി. അനീഷ്, എ. ശോഭ, ശ്രീജിത്ത്. എസ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ഗുരുതരമായ തീര ശോഷണത്തിനു കാരണമാകുന്ന തോട്ടപ്പള്ളിയിലെ അശാസ്ത്രീയമായ കരിമണൽ ഖനനം അവസാനിപ്പിക്കുക, പത്തരക്കോടി രൂപചെലവഴിച്ച്‌ പൂർത്തിയാക്കിയ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കുക, കയർതൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.