
ആലപ്പുഴ: തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയായി ദേശീയ പാത പുനർനിർമ്മിക്കാനായി ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിട സമുച്ചയങ്ങൾ പൊളിച്ചു തുടങ്ങി. മൂന്ന് റീച്ചുകളിലായിട്ടാണ് പാതയുടെ നിർമ്മാണം.
തുറവൂർ മുതൽ ഓച്ചിറ വരെ സ്ഥലമെടുപ്പ് പൂർത്തിയാകുമ്പോൾ ചെറുതും വലുതുമായ 7,679 കെട്ടിടങ്ങളിലായി 60,000ലധികം കച്ചവട സ്ഥാപനങ്ങളാണ് ഇല്ലാതാകുന്നത്. ഇതുവരെ 435കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. ശേഷിച്ച കെട്ടികടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഉണ്ടായ കാലതാമസാണ് തടസം. ഇവർക്കുള്ള നഷ്ടപരിഹാര തുക വിതരണവുമായി ബന്ധപ്പെട്ട് കളക്ടർ ചെയർമാനായുള്ള സമിതിയുടെ യോഗം 23ന് ആലപ്പുഴയിൽ നടക്കും. ലഭിച്ച അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ നിർദേശം അനുസരിച്ച് നഷ്ടപരിഹാരം 25,000രൂപയും കടയിലുള്ള ജീവനോപാധികൾ നീക്കുന്നതിനായി 50,000രൂപയുമാണ് കച്ചവടക്കാർക്ക് ലഭിക്കുക. കൊറ്റുകുളങ്ങര മുതൽ ഓച്ചിറവരെയുള്ള ഭാഗത്തെ 80ശതമാനം കെട്ടിടങ്ങളും കരാർ കമ്പനിയും ഉടമകളും പൊളിച്ചു നീക്കി. കൊറ്റുകുളങ്ങര മുതൽ തുറവൂർ വരെയുള്ള സ്ഥലത്തിന്റെ നഷ്ടപരിഹാര തുക പൂർണമായും വിതരണം ചെയ്യാത്തത് കെട്ടിടം പൊളിക്കുന്നതിന് തടസമായിട്ടുണ്ട്.
വേണ്ടത് 107 ഹെക്ടർ
തുറവൂർ മുതൽ പറവൂർ വരെയുള്ള 37.9 കിലോമീറ്റർ ദൈർഘ്യത്തിലും കൊറ്റുകുളങ്ങര കാവനാട് റീച്ചിന്റെ ഓച്ചിറ വരെയുള്ള 11കിലോമീറ്ററും പറവൂർ മുതൽ കൊറ്റുകുളങ്ങര വരെയുള്ള 37.5 കിലോമീറ്റർ നീളത്തിലുമാണ് ആറുവരി പാതയായി നിർമ്മിക്കുന്നത്. വികസനത്തിന് ആവശ്യമായ 107 ഹെക്ടറാണ് വേണ്ടത്. ഇതിൽ 88ഹെക്ടർ സ്വകാര്യ വ്യക്തികളുടെയും 19ഹെക്ടർ സർക്കാർ വക സ്ഥലവുമാണ്.
വിതരണം ചെയ്തത് 2100കോടി
നഷ്ടപരിഹാരമായി വെള്ളിയാഴ്ച വരെ 62 ഹെക്ടർ സ്ഥലത്തിന് 2100കോടി രൂപ വിതരണം ചെയ്തു. 26ഹെക്ടറിന്റെ നഷ്ടപരിഹാരമായി ഇനി 900കോടി കൂടി വിതരണം ചെയ്യാനുണ്ട്.
* ദേശീയപാത വികസനത്തിന് ജില്ലയിൽ ഏറ്റെടുത്ത സ്ഥലം: 107 ഹെക്ടർ
* നഷ്ടപരിഹാരത്തുക നൽകിയ സ്ഥലം............................................62ഹെക്ടർ
* നഷ്ടപരിഹാരതുക നൽകാനുള്ളത്............................................ 26ഹെക്ടർ
* സർക്കാർ വക സ്ഥലം..................................................................19ഹെക്ടർ
* നഷ്ടപരിഹാരം വിതരണം നടത്തിയത്......................................2100കോടി
* നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ളത്................................900കോടി
* ആകെ ഭൂഉടമകൾ:........................................................................7760
* വ്യാപാരികൾ................................................................................60,000
# മൂന്ന് റീച്ചിൽ നിർമ്മിക്കുന്ന റോഡിന്റെ നീളം കിലോമീറ്ററിൽ
* കൊറ്റുകുളങ്ങര-ഓച്ചിറ......................11
* തുറവൂർ-പറവൂർ..................................37.9
* പറവൂർ-കൊറ്റുകുളങ്ങര.....................37.5