ആലപ്പുഴ: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന റോഡുകളുടെ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. നഗരവികസനത്തിന്റെ ഭാഗമായി വൈറ്റ് ടോപ്പിംഗിന്റെ ജോലികൾക്കായി ഭൂരിഭാഗം റോഡുകളും മാസങ്ങളായി പൊതുവരാമത്ത് വിഭാഗം പൊളിച്ചിട്ട നിലയിലാണ്. റോഡുകളുടെ വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച ഭാഗത്ത് ,റോഡിന്റെ ഇരുവശങ്ങളിലും നടക്കുന്ന ജോലികൾ മുടങ്ങിയതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. കോൺക്രീറ്റ് ജോലികൾ പൂർത്തീകരിക്കുകയും റോഡുകളുടെ ഇരുവശത്ത് സ്ളാബോടുകൂടിയ കാനകളുടെ നിർമ്മാണം പൂർത്തികരിച്ചിട്ട് ശേഷിച്ച പണികൾ നടത്തുന്നതിന് അധികാരികൾ അലംഭാവം കാട്ടിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊതുവരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് എച്ച്.സലാം എം.എൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് നിർമ്മാണ ജോലികൾ ആരംഭിക്കാൻ തീരുമാനിച്ചത്. മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയും കൈചൂണ്ടിമുക്കു മുതൽ കൊമ്മാടി വരെയുള്ള റോഡുകളുമാണ് വൈറ്റ് ടോപ്പിംഗ് നടത്തിയത്. കോൺക്രീറ്റ് ജോലികൾ പൂർത്തിയായി നാലു മാസം പിന്നിട്ടിട്ടും ശേഷിച്ച പണികൾ തീർക്കാത്തതിനാലാണ് ഗതാഗതകുരുക്കിനും അപകടത്തിനും കാരണം. പുലയൻ വഴി മുതൽ വെള്ളക്കിണർ, പിച്ചുഅയ്യർ മുതൽ പഴവങ്ങാടി, ഗണപതി കോവിൽ സീറോ ജംഗ്ഷൻ, പിച്ചുഅയ്യർ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തികരിച്ചു. കോൺക്രീറ്റിന്റെ ഇരുവശത്തുമുള്ള കാനയുടെ ഇടയിലുള്ള ഭാഗം കോൺക്രീറ്റിനോടൊപ്പം ഉയർത്തിയുള്ള നിർമ്മാണം പൂർത്തികരിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്.
.......
# നിർമ്മാണം വൈകിയത്
നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ട് ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ ഉൾപ്പെടാതിരുന്ന പദ്ധതികൾ കൂടി ചേർത്ത് എസ്റ്റിമേറ്റ് പുതുക്കി വകുപ്പിന്റെയും സർക്കാരിന്റെയും അംഗീകാരം വാങ്ങേണ്ടി വന്നതിലെ കാലതാമസമാണ് നിർമ്മാണ ജോലികൾ വൈകാൻ ഇടയാക്കിയത്. കാലാവസ്ഥ അനുകൂലമായാൽ നിർദ്ദേശിച്ച കാലാവധിക്കുള്ളിൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കി നഗരത്തിൽ സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കാനാണ് പദ്ധതി. വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച പിച്ചയ്യൂർ ജംഗ്ഷൻ, വൈ.എം.സി പാലം വരെയുള്ള റോഡിന്റെ ഇരുവശവും ടൈയിൽ പാകുന്ന ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും റോഡിന്റെ കിഴക്കുഭാഗത്തെ ജോലികൾ നടക്കുന്നതിനിടെയാണ് മഴ കനത്തത്. ഇതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താളം തെറ്റിയത്.
.....
"
മുല്ലക്കൽ ഭാഗത്ത് 555 മീറ്റർ നീളം വരുന്ന വൈറ്റ് ടോപ്പിംഗ് പൂർത്തിയാക്കിയ ഭാഗത്തെ റോഡിന്റെ ഇരുവശവും ടൈൽ പാകുന്ന ജോലികൾ ആരംഭിക്കും. 31.425 മീറ്റർ നീളം വരുന്ന സിറ്റി റോഡിന്റെ മുഴുവൻ ജോലികളും 45 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
എച്ച്.സലാം എം.എൽഎ