
ആലപ്പുഴ: കൊവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച ആലപ്പുഴ ജനറൽ ആശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റുമായ ഡോ.കെ. വേണുഗോപാലിന്റെ ഗവേഷണ പ്രബന്ധത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ രണ്ട് വർഷക്കാലമായി ജനറൽ ആശുപത്രിയിൽ നടന്ന കൊവിഡാനന്തര രോഗങ്ങളുടെ പഠനഫലങ്ങളെ ആസ്പദമാക്കി
' ചെസ്റ്റ് ' ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് അംഗീകാരം. കൊവിഡ് വന്നുപോയ വ്യക്തികളിൽ പുകവലി ഉൾപ്പെടെയുള്ള അനാരോഗ്യ ജീവിതശൈലി ശ്വാസംമുട്ടൽപോലെയുള്ള രോഗങ്ങൾക്ക് സാദ്ധ്യതയും ആക്കവും കൂട്ടും എന്നതാണ് പ്രധാന കണ്ടെത്തൽ. കൂടാതെ രോഗപ്രതിരോധത്തിലെ വ്യതിയാനം ആസ്ത് മ വരാൻ സാദ്ധ്യതയുള്ളവർക്ക് അതിന്റെ ആക്കം കൂടുന്നതായും കണ്ടെത്തി. പഠനത്തിൽ ഡോ. കെ. വേണുഗോപാലിനെ കൂടാതെ ഡോ.ശ്രീലത, ഡോ.രാധിൻ തുടങ്ങിയവരും പങ്കാളികളായിരുന്നു. ഡോ.വേണുഗോപാൽ 35 ലെറെ ഗവേഷണപ്രബന്ധങ്ങൾ ദേശീയതലത്തിലും 17 ഗവേഷണ പ്രബന്ധങ്ങൾ അന്തർദേശീയ തലത്തിലും അവതരിപ്പിച്ചിട്ടുണ്ട്.