ആലപ്പുഴ: ഭാവനയുടെ ലോകത്തേക്ക് വഴിതുറക്കാനും ക്രിയാത്മക ചിന്തകളെ ഉണർത്താനും വായനയ്ക്ക് കഴിയുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി.എൻ.പണിക്കരുടെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേർത്തല ചെറുവാരണം ശ്രീ കേശവ ഗുരു സ്മാരക ഗ്രന്ഥശാലയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാടിന്റെ സാമൂഹ്യ, സാംസ്‌കാരിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കാൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു സാധിച്ചു പി.പ്രസാദ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രതിഭകളെയും മികച്ച ഗ്രന്ഥശാലാ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ, വി.ജി.മോഹനൻ, ടി.പി.കനകൻ, എം.പി.ഓമന, ജസ്റ്റിൻ ജോസഫ്, ടി.തിലകരാജ്, കെ.വി.രതീഷ്, മാലൂർ ശ്രീധരൻ, വിദ്വാൻ കെ.രാമകൃഷ്ണൻ, കെ.പി.നന്ദകുമാർ, എ.ഡി.അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.