
തുറവൂർ : തുറവൂർ - തൈക്കാട്ടുശേരി പാലത്തിലെ വഴി വിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ചകൾ പിന്നിടുന്നു. നിർദ്ദിഷ്ട തുറവൂർ - പമ്പാ പാതയിലെ പ്രധാന പാലമാണിത്. പാലത്തിൽ വെളിച്ചമില്ലാത്തതിനാൽ ഇരുട്ടിൽ തപ്പിയാണ് കാൽ നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമിപ്പോൾ സഞ്ചരിക്കുന്നത്. രാപ്പകൽ പാലം വഴി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. പാലത്തിന്റെ വടക്കേ വശത്ത് 13 വഴിവിളക്ക് തുണുകളാണ് ഉള്ളത്. അതിലെ 2 എണ്ണം "മിന്നാമിനുങ്ങ് വെട്ട" ത്തിൽ പ്രകാശിക്കുന്നതാണ് യാത്രക്കാർക്ക് തെല്ലൊരാശ്വാസം. വിജനമായ പാലത്തിന്റെ ഇരു കരകളിലെ അപ്രോച്ച് റോഡിലെ വഴി വിളക്കുകളും പ്രകാശിക്കുന്നില്ല. ഇത് യാത്രക്കാർക്ക് ദുരിതം ഇരട്ടി യാക്കുന്നു. വഴി വിളക്കുകളുടെ അഭാവത്തിൽ പ്രദേശത്ത് സാമൂഹ്യ വിരുദ്ധശല്യമാണ് മറ്റൊരു തലവേദന. സന്ധ്യ മയങ്ങിയാൽ കൂരിരുട്ട് വ്യാപിച്ച ഇവിടം മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണ്. ഇരുട്ടിന്റെ മറവിൽ അറവു മാലിന്യങ്ങളടക്കം തള്ളുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചതായി പ്രദേശവാസികൾ പറയുന്നു. പുലർച്ചേ പാലത്തിൽ സ്ഥിരമായി നടക്കാൻ എത്തുന്നവരും ദുരിതത്തിലാണ്. 2014 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു ശേഷം നിരന്തര മുറവിളികൾക്കൊടുവിൽ, ഏറെ മാസങ്ങൾക്കു ശേഷമാണ് പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിച്ചത്. തുറവൂർ - തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പാലം. അതിനാൽ വഴിവിളക്കുകളുടെ പരിപാലന ചുമതല ഇരു പഞ്ചായത്തുകൾക്കുമാണ് ഉള്ളത്. തുറവുർ- തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കോടികൾ മുടക്കുമ്പോഴും ഇരുട്ടിലായ പാലം ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണിപ്പോൾ.