photo

ചാരുംമൂട് : ഇരുചക്ര വാഹനത്തിൽ ഇന്ത്യ ചുറ്റിയ ദമ്പതികൾക്ക് ജന്മനാട്ടിൽ ആദരവ് നൽകി. മാവേലിക്കര നൂറനാട് ഇടപ്പോൺ വിനോദ് ഭവനം വിനോദ്കുമാർ , ഭാര്യ മീരാ വിനോദ് എന്നിവരാണ് ബുള്ളറ്റിൽ ദീർഘദൂര യാത്ര നടത്തി നാട്ടിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ മേയ് 9 ന്

ഇടപ്പോണിൽ നിന്നും യാത്ര പുറപ്പെട്ട ഇവർ 40 ദിവസം കൊണ്ട് 7300 കിലോമീറ്ററുകൾ താണ്ടിയാണ് ലഡാക്ക് വരെ സഞ്ചരിച്ച് മടങ്ങിയെത്തിയത്. തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്താ ഖണ്ഡ്,ഹരിയാന, പഞ്ചാബ്, ജമ്മുകാശ്മീർ എന്നിവടങ്ങളിലൂടെ ലഡാക്കിൽ എത്തിച്ചേർന്നത്. ഇടപ്പോണിലെ സാംസ്കാരിക കൂട്ടായ്മയായ സൂര്യ യുവജന ശക്തിയുടെ ആഭിമുഖ്യത്തിലായിരുന്നു ദമ്പതികൾക്ക് ആദരവൊരുക്കിയത്. എം.എസ്. അരുൺ കുമാർ എം.എൽ.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനാ പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, മുൻ എം.എൽ.എ കെ.കെ.ഷാജു, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ്, ജില്ലാ കമ്മിറ്റിയംഗം സ്റ്റാൻലിൻ, സി.പി.എം എൽ.സി സെക്രട്ടറി ഒ.മനോജ് സംഘടന സെക്രട്ടറി വിഷ്ണു രാജ്, ഖജാൻജി മനുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.