photo

ആലപ്പുഴ: മഴക്കാലം എത്തിയിട്ടും ജില്ലയിലെ പ്രധാന തോടുകളിൽ നീരൊഴുക്ക് ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഇത്കാരണം കുട്ടനാട് ഉൾപ്പടെയുള്ള മേഖലയിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഴക്കാലത്തിന് മുമ്പ് തോടുകളിൽ നീരൊഴുക്ക് ശക്തമാക്കാൻ മുൻ കരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം ത്രിതല പഞ്ചായത്തും ഇറിഗേഷൻ വകുപ്പും പാലിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നു. ഗതാഗതത്തിനും തടസമാകും വിധം തോടുകളിൽ പോളയും വള്ളിപുല്ലും നിറയുന്നു കിടക്കുകയാണ്. ബോട്ടുചാലിൽ, പാടശഖരങ്ങളുടെ പുറംബണ്ടിനോട് ചേർന്നുള്ള ഗതാഗത യോഗ്യമായ തോടുകൾ, എ.സി റോഡിന് വശങ്ങളിലെ കനാലുകൾ എന്നിവടങ്ങളിലാണ് പ്രധാനമായും പോളയും വള്ളിപ്പുല്ലും നിറഞ്ഞിട്ടുള്ളത്. കുട്ടനാട് മണലാടി, കാവാലം കൈനടി തോട്ടിലാണ് പ്രധാനമായും പോള ദുരിതം. ഇതുമൂലം കർഷകർക്കു കായൽ മേഖലയിലെ കൃഷിയിടങ്ങളിലേക്കു പോകാനും കഴിയുന്നില്ല. തോടുകളിൽ പോള തിങ്ങി നിറഞ്ഞതോടെ വള്ളങ്ങളുടെ ഗതാഗതവും ദുഷ്‌കരമായി. ജലാശയങ്ങളിലേ പോള നീക്കണ പ്രദേവാസികളുടെ ആവശ്യത്തിനോട് അധികാരികൾ മുഖം തിരിഞ്ഞു നിൽക്കുന്നു. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ, മുഹമ്മ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാ ബോട്ടുകളുടെ സർവീസാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആലപ്പുഴയിൽ നിന്ന് വേണാട്ടുകാട്, കാവാലം,കിടങ്ങറ, ചങ്ങനാശേരി, കോട്ടയം റൂട്ടുകളിലേക്കുള്ള സർവീസുകളെയും മുഹമ്മയിൽ നിന്ന് കുമരകം, ആക്കത്ത്, കണ്ണങ്കര, നോർത്ത് ജെട്ടി എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളെയുമാണ് പോളശല്യം ദോഷകരമായി ബാധിച്ചിട്ടുണ്ട്. ജെട്ടികളിൽ ബോട്ട് അടുപ്പിക്കാൻ കഴിയാത്ത വിധം പോള നിറഞ്ഞു കിടക്കുന്നു. ആലപ്പുഴ കൃഷ്ണപുരം റൂട്ടിലും സ്ഥിതിയും സമാനമാണ് . പോളനീക്കം ചെയ്യേണ്ട ജലസേചനവകുപ്പ് കൃത്യമായ ഇടപെടൽ നടത്താത്തതാണ് ബോട്ട് ചാലിൽ പൊള തിങ്ങാൻ കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. പോളകൾ കയറുന്നത് ബോട്ടിന്റെ എൻജിനുകൾക്ക് തകരാർ ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.

.....

'ഇറിഗേഷൻ വകുപ്പിനെ അറിയിച്ചിട്ടും പോള നീക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തുന്നു. തൊഴിലുറപ്പ് തൊഴിലാളിയെ ഉപയോഗിച്ച് കുട്ടനാട്ടിലെ പ്രധാനതോടുകളിലെയും ഇടതോടുകളിലെയും പായൽ നീക്കി നീരൊഴുക്ക് സുഗമമാക്കി ഗതാഗത തടസം ഒഴിവാക്കണം.

പ്രവീൺ, കാവാലം.

"ബോട്ട് ചാലുകളിലെ പോളയും ദേശീയ ജലപാതക്കായി സ്ഥാപിച്ച കുറ്റികളും നീക്കം ചെയ്യാത്തത് അപകടം ക്ഷണിച്ചു വരുത്തും. സ്കൂൾ തുറന്നതോടെ ബോട്ട് സർവീസുകൾ മുടക്കം ഉണ്ടാകാത്ത തരത്തിൽ സർവീസ് നടത്താൻ ചാലുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം.

സന്തോഷ്, കാവാലം