ആലപ്പുഴ: നഗരസഭയുടെ തൂക്കുകുളത്തെ സ്ഥലത്ത് റോഡരികിൽ ജല അതോറിട്ടിയുടെ നേതൃത്വത്തിൽ കുഴൽക്കിണർ താഴ്ത്തുന്നത് കഴിഞ്ഞ ഏപ്രിൽ 8ന് നഗരസഭ സ്റ്റോപ് മെമ്മോ നൽകി തടയുകയും പകരം മറ്റൊരു ഭാഗത്ത് പ്രവൃത്തി ചെയ്യാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിന് വിരുദ്ധമായി നഗരസഭ തടഞ്ഞ സ്ഥലത്ത് തന്നെ ഭൂജല വകുപ്പ് മുഖാന്തിരം ജല അതോറിട്ടി കുഴൽക്കിണർ നിർമാണം തുടരുകയായിരുന്നു. ഈ സാഹചര്യത്തിൽ നിർമ്മാണം കഴിഞ്ഞ ഞായറാഴ്ച തടഞ്ഞിരുന്നു.

പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ അഭ്യർത്ഥന പരിഗണിച്ചും കുടിവെള്ള പ്രശ്നത്തിന്റെ രൂക്ഷത മുൻനിർത്തിയും, വിവിധ വകുപ്പുകൾക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം കണക്കിലെടുത്തും ജല അതോറിട്ടി ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുമായി നഗരസഭ നടത്തിയ ചർ ച്ചയുടെ അടിസ്ഥാനത്തിൽ , പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കണം എന്ന വിഷയം പരിഗണിച്ച് കുഴൽക്കിണർ നിർമ്മാണം തുടരുന്നതിന് അനുവാദം നൽകി. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, ബീനരമേശ്, ബിന്ദുതോമസ്, കൗണ്‍സിലർമാരായ എം.ആർ.പ്രേം, ബി.അജേഷ്, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, കേരള വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ, എ.എക്സ്.ഇ നൂർജഹാൻ, എ.ഇ ബെൻ ബ്രൈറ്റ്, ഗ്രൗണ്ട് വാട്ടർ എക്സിക്യൂട്ടീവ് എൻജിനീയർ പി.വി ജെനറ്റ് എന്നിവർ പങ്കെടുത്തു.