
ആലപ്പുഴ: ആഭ്യന്തര സഞ്ചാരികളടക്കം ആയിരക്കണക്കിന് പേർ നിത്യം വന്നു പോകുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യങ്ങൾക്കൊണ്ട് നിറയുന്നു. മാലിന്യ കൂമ്പാരം കാരണം ഇവിടെ തെരുവുനായ്ക്കൾ താവളമാക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്ക് ഏരിയക്ക് സമീപമാണ് മാലിന്യ നിക്ഷേപങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നത്. അറവു മാലിന്യമടക്കം ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് നായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിക്കാൻ കാരണമാവുകയാണ്. രാത്രിയുടെ മറവിൽ വിവിധ ഹോട്ടലുകളിൽ നിന്നടക്കം ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. പേ ആൻഡ് പാർക്ക് ഏരിയയും മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശവും തമ്മിൽ കയർ വലിച്ചുകെട്ടി വേർതിരിച്ചിരിക്കുകയാണ്. ഇതോടെ, ഈ പ്രദേശം മാലിന്യ നിക്ഷേപത്തിനുള്ളതാണെന്ന ധാരണയിൽ ആഭ്യന്തര സഞ്ചാരികളടക്കം പ്ലാസ്റ്റിക്ക് കുപ്പികളും ബാക്കി വന്ന ഭക്ഷണവും സ്ഥിരമായി ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ട്രെയിനിറങ്ങി വരുന്ന പലരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ഇവിടം തന്നെ ഉപയോഗിക്കുന്നുണ്ട്. മഴ കൂടി ആരംഭിച്ചതോടെ കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് വ്യാപിക്കുന്നത്. കേന്ദ്ര പൊലീസ് സേനയും, സംസ്ഥാന പൊലീസും, ഓട്ടോ - ടാക്സി ഡ്രൈവർമാരും 24 മണിക്കൂറും റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും മാലിന്യ നിക്ഷേപത്തിന് മൂക്കുകയറിടാൻ സാധിച്ചിട്ടില്ല. നാളുകൾക്ക് മുമ്പ് പ്രദേശത്തെ ക്ലബുകളുടെ നേതൃത്വത്തിൽ പ്രദേശം വൃത്തിയാക്കിയിരുന്നെങ്കിലും, സ്ഥായിയായ പരിഹാരമുണ്ടായില്ല. സ്റ്റേഷൻ കേന്ദ്ര സർക്കാരിന്റെയും, റോഡ് പി.ഡബ്ല്യൂ.ഡിയുടെയും, പ്രദേശം നഗരസഭയുടെയും കീഴിലാണ് വരുന്നത്. വിവിധ ഭരണ സംവിധാനങ്ങൾ ഒരുമിച്ച് ചേരുന്ന പ്രദേശമായിട്ടും മൂക്ക് പൊത്താതെ ഇവിടെ വഴി സഞ്ചരിക്കാനാവില്ല. രാത്രി സമയത്ത് നായക്കളുടെ ശല്യവും വ്യാപകമാകുന്നുണ്ട്.
..........
'' എത്രയോ സുരക്ഷാ ഉദ്യോഗസ്ഥരുള്ള സ്ഥലമാണ്. എന്നിട്ടും ഇവിടെ മാലിന്യ നിക്ഷേപം നിലയ്ക്കാതെ തുടരുന്നതിന് പിന്നിൽ ഒത്തുകളിയുണ്ടോയെന്ന് അന്വേഷിക്കണം.
മനു, ട്രെയിൻ യാത്രികൻ