s

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കാമുകിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാനയെയാണ് (24) ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ ( ഡി.സി.ആർ.ബി) ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ​ പിടികൂടിയത്.

ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സിവിൽ പൊലീസ് ഓഫീസറായിരുന്ന റെനീസിനെ വിവാഹം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനായി ഭാര്യ നജ്‌ലയും മക്കളും ഒഴിഞ്ഞ് പോകണമെന്നതായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി ഇവർക്കൊപ്പം വന്ന് താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തി. ആറ് മാസം മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ഫ്ലാറ്റിലെത്തിയിരുന്നു. നജ്‌ലയും മക്കളും മരിക്കുന്നതിന് തലേദിവസവും ഷഹാന ക്വാർട്ടേഴ്‌സിലെത്തി ഭീഷണി മുഴക്കിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഷഹാനയെ റിമാൻഡ്‌ ചെയ്തു.

അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പ് ഷഹാനക്ക് വന്ന വിവാഹാലോചന ഇരുവരും ചേർന്ന് മുടക്കി. തുടർന്ന്, കോളേജ് വിദ്യാർത്ഥിനിയായ ഷഹാന വീട്ടുകാരുമായി അകന്ന് റെനീസിന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ഷഹാനക്കെതിരെ മൊബൈൽ ഫോൺ തെളിവുകളും ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പൊലീസ് എയ്ഡ്‌ പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസറായിരുന്നു സക്കറിയവാർഡ് നവാസ് മൻസിലിൽ റെനീസ്. സംഭവശേഷം സസ്‌പെൻഷനിലായ റെനീസ് റിമാൻഡിലാണിപ്പോൾ. മേയ് 10നാണ് റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ പൊലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തമകൻ ടിപ്പുസുൽത്താനെ കട്ടിലിന്റെ കാലിനോട് ചേർത്ത് കഴുത്തിൽ ഷാൾമുറുക്കിയും, മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഭർത്താവിന്റെ നിരന്തരമായ മാനസിക,ശാരീരിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. 10 വർഷം മുമ്പ് വിവാഹത്തിന് സ്ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നൽകിയിരുന്നു. പണം ലഭിക്കുന്നതിന് പലതവണ നജ്‌ലയെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതേത്തുടർന്ന് പലപ്പോഴായി വൻതുകയും റെനീസിന് നൽകിയെന്നും പൊലീസ് കണ്ടെത്തി. നജ്ലക്ക് ഫോൺ ഉപയോഗിക്കാൻ നൽകിയിരുന്നില്ല. ചില ദിവസങ്ങളിൽ പുറത്തുപോകുമ്പോൾ നജ്‌ലയെ മുറിയിൽ പൂട്ടിയിടുമായിരുന്നു.