dog-otayil

മാന്നാർ : പുറത്ത് കടക്കാൻ കഴിയാതെ ഓടയിൽ അകപ്പെട്ട നായയ്ക്ക് അഗ്നിശമനസേനയും നാട്ടുകാരും രക്ഷകരായി. മാന്നാർ കുറ്റിയിൽ മുക്കിനു സമീപത്തെ പെട്രോൾപമ്പിന് മുൻവശത്തെ ഓടയിലാണ് ഗർഭിണിയായ നായ അകപ്പെട്ടത്. വാഹനത്തിൽ പെട്രോൾ നിറക്കാൻ പമ്പിൽ എത്തിയ മാന്നാർ പുളിക്കൽ രതീഷാണ് ഓടയിൽനിന്നും രക്ഷപെടാൻ കഴിയാതെ ബിദ്ധിമുട്ടുന്ന നായയെ കാണുന്നത്. ഉടൻതന്നെ ചെങ്ങന്നൂർ അഗ്നിരക്ഷാ നിലയത്തിലെ സിവിൽഡിഫൻസ്‌ അംഗവും മാന്നാർ എമർജൻസി റെസ്‌ക്യുടീം സെക്രട്ടറിയുമായ അൻഷാദിനെ വിവരം അറിയിക്കുകയും, തുടർന്ന് ചെങ്ങന്നൂരിൽ നിന്ന് അഗ്നിശമനസേന എത്തുകയും ചെയ്തു. മണ്ണും ചെളിയും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട ഓടക്കും സ്ളാബിനുമിടയിൽപെട്ടുകിടന്ന നായയെ ഹിറ്റാച്ചി ഉപയോഗിച്ച് സ്ലാബ് ഉയർത്തിയാണ് രക്ഷിച്ചത്. ചെങ്ങന്നൂർ അഗ്നിശമനസേന അസിസ്റ്റന്റ് ഫയർഓഫീസർ മോഹന കുമാർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ആർ.ബിജു, കൃഷ്ണകുമാർ, ബിജു, ഹോംഗാർഡ് തങ്കപ്പൻ, സിവിൽ ഡിഫൻസ് വാർഡൻ അൻഷാദ്, ഹിറ്റാച്ചി ഓപ്പറേറ്റർമാരായ അച്ചു, അനി എന്നിവർ ചേർന്നാണ് നായയുടെ ജീവൻ രക്ഷിച്ചത്.