
മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാംവാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് സിംസണിന്റെ രാജി ആവശ്യപ്പെട്ട് കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാമ്മ ജേക്കബിന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറുകയും മരുമകളായ പ്രിൻസിയെ മർദ്ദിക്കുകയും മാതാപിതാക്കളുടെ കൺമുന്നിൽ കരണത്തടിച്ച് ചവിട്ടി വീഴ്ത്തുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രിൻസി പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവം കണ്ട് നെഞ്ചുവേദനയോടെ കുഴഞ്ഞുവീണ ഭർതൃപിതാവ് ജേക്കബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജോസ് സിംസണ് തുടരാൻ അർഹതതയില്ലെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി സി.കെ.വിജയകുമാർ പറഞ്ഞു.
പഞ്ചായത്ത് അംഗം സ്വയം രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്ന് പ്രതിഷേധ സമരത്തിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഗീതാ അജയ് നേതൃത്വം നൽകിയ ഉപരോധ സമരത്തിൽ പി.ജെ.ആന്റണി,അഡ്വ.ഷാലോൺ സാലസ്,സി.ഡി.അച്ചപ്പൻ,സി.എ.ലിയോൺ,ശോശാമ്മ ലൂയിസ്,കെ.സി.ഷഡാനന്ദൻ,ഡി.സുരേന്ദ്രൻ,ഇന്നസെന്റ് തോമസ്,വി.എൻ.ഉദയകുമാർ,പയസ് വാഴക്കൂട്ടത്തിൽ,ജോൺ ബോസ്‌കോ, മോഹനൻ കാളാശേരി എന്നിവർ സംസാരിച്ചു.