ചേർത്തല: താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങി. അത്യാഹിത വിഭാഗത്തിന് മുന്നിലാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും ഇവിടെ പൊലീസിന്റെ സേവനം ഉണ്ടാകും. പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാത്തത് ആശുപത്രിയിലെ അക്രമങ്ങൾക്ക് കാരണമാകുന്നെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. 2 വർഷം മുമ്പാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ എയ്ഡ് പോസ്റ്റ് നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ഉദ്ഘാടനത്തിന് ശേഷം കുറച്ചു ദിവസങ്ങളിൽ പൊലീസ് ഉണ്ടായിരുന്നു. പിന്നീട് എയ്ഡ്പോസ്റ്റ് അടഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിൽ അത്യാഹിത വിഭാഗത്തിനു മുന്നിൽ ഗുണ്ടാസംഘം ആക്രമണം നടത്തിയിരുന്നു. അടിപിടിക്കേസിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ 2 പേരെ ലക്ഷ്യമിട്ടാണ് മൂന്നംഗ ഗുണ്ടാ സംഘം എത്തിയത്. ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും വനിതാ ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലെ പ്രധാനി അന്ധകാരനഴി കാട്ടുങ്കൽത്തയ്യിൽ സിബിനെ പൊലീസ് പിടികൂടി. മറ്റു രണ്ടുപേർക്കായി തിരച്ചിൽ നടക്കുകയാണ്. തിങ്കളാഴ്ച്ച ആശുപത്രിയിലെ പി.ആർ.ഒ രാജീവ് മുരളിയേയും മറ്റൊരു സംഘം കയ്യേറ്റം ചെയ്തു.