ചേർത്തല: ഒ​റ്റമശേരിയിൽ 75 ലക്ഷം രൂപയുടെ താത്ക്കാലിക കടൽഭിത്തി നിർമ്മാണത്തിന് മന്ത്റിസഭയുടെ പ്രത്യേക അനുമതി ലഭിച്ചു. കടൽ ഭിത്തി നിർമ്മാണത്തിന് അടിയന്തര സഹായമായി അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രവൃത്തി, കല്ലിന്റെ വില സർക്കാർ നിരക്കിനേക്കാൾ അധികരിച്ചതിനാൽ അനുമതി ലഭിക്കാതെ അനിശ്ചിതത്വത്തിലായിരുന്നു.എന്നാൽ കൃഷിമന്ത്റി പി.പ്രസാദിന്റെ പ്രത്യേക ഇടപെടലിനെതുടർന്ന് വിശദമായ പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ, കാലാവസ്ഥാവ്യതിയാനം കൂടി കണക്കിലെടുത്ത് ഈ പ്രവൃത്തി അത്യന്താപേക്ഷിതമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന മന്ത്റിസഭായോഗം പ്രത്യേക അനുമതി നൽകുകയായിരുന്നു. ഈ പദ്ധതിക്ക് പ്രത്യേക അനുമതി ലഭിച്ചതോടെ ഒ​റ്റമശേരിക്കാർക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചുവെന്ന് മന്ത്റി പി. പ്രസാദ് അറിയിച്ചു.