ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ രാത്രിയിലും പകൽ പോലെ വെളിച്ചം പകരാൻ ദേശീയപാത വിഭാഗം സ്ഥാപിച്ച ഭൂരിഭാഗം വഴിവിളക്കുകളും തെളിയാതായിട്ട് നാളുകളായി. വെളിച്ചമില്ലാത്തതിനാൽ രാത്രികാല അപകടങ്ങളും വർദ്ധിച്ചു. 2021 ഫെബ്രുവരി 28 നാണ് ബൈപ്പാസ് നാടിന് സമർപ്പിച്ചത്.
വെളിച്ചമില്ലായ്മയ്‌ക്ക് പുറമേ അമിതവേഗവും ഗതാഗത നിയമലംഘനങ്ങളും തടയാൻ സംവിധാനങ്ങളില്ലാത്തതുമാണ് ബൈപ്പാസിനെ അപകടമേഖലയാക്കിയത്. നിരീക്ഷണ കാമറകൾ കൂടുതൽ വേണമെന്ന ആവശ്യം ഉയർന്നെങ്കിലും അതും സ്ഥാപിച്ചിട്ടില്ല. 40 കിലോമീറ്റർ വേഗമേ ബൈപ്പാസിൽ പാടുള്ളു എന്ന നിർദ്ദേശം പാലിക്കാതെ 100 കിലോമീറ്റർ വരെ വേഗത്തിലാണ് പല വാഹനങ്ങളും സഞ്ചരിക്കുന്നത്. ബൈപ്പാസിലെ വെളിച്ചക്കുറവ് മുതലെടുത്ത് രാത്രികാലത്ത് പിടിച്ചുപറിയും വ്യാപകമാണ്. ബൈക്കുകളിൽ എത്തുന്ന യുവാക്കൾ വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് പണം തട്ടിയെടുക്കുന്നത്.
488 വഴിവിളക്കുകൾ
കളർകോട് മുതൽ കൊമ്മാടി ജംഗ്ഷൻ വരെ 6.8 കിലോമീറ്റർ ദൈർഘ്യം വരുന്ന ബൈപ്പാസിൽ കേന്ദ്ര പദ്ധതിയിൽ 80 വഴിവിളക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, അപകടം ഒഴിവാക്കാൻ 408 വിളക്കുകൾ കൂടി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു. ഇതിന്റെ പരിപാലന ചുമതല കെ.എസ്.ഇ.ബിക്കാണ്. വഴിവിളക്ക് തെളിക്കുന്നതിനുള്ള വൈദ്യുതി ചാർജ്ജ് ഇനത്തിൽ നഗരസഭ കെ.എസ്.ഇ.ബിക്ക് ലക്ഷക്കണക്കിന് രൂപയാണ് പ്രതിവർഷം നൽകുന്നത്. എന്നിട്ടും വഴിവിളക്കുകളുടെ തകരാർ പരിഹരിക്കുന്നതിൽ കെ.എസ്.ഇ.ബി മുഖം തിരിഞ്ഞു നിൽക്കുന്നതിനാൽ വഴിവിളക്കിന്റെ ഗുണം യാത്രക്കാർക്ക് ലഭിക്കുന്നില്ല.
"കളർകോടു മുതൽ കൊമ്മാടിവരെയുള്ള ആലപ്പുഴ ബൈപ്പാസിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളുടെ പരിപാലന ചുമതല കെ.എസ്.ഇ.ബിക്കാണ്. മുടക്കം കൂടാതെ വൈദ്യുതി ചാർജ്ജ് നഗരസഭ അടയ്ക്കന്നുണ്ട്. യാത്രക്കാർക്ക് ഗുണകരമാകും വിധം വഴിവിളക്ക് തെളിയിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി'.
സൗമ്യാരാജ്, ചെയർപേഴ്സൺ
നഗരസഭ
"ബൈപ്പാസിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികളുടെ കരാർ കൊടുക്കുന്നത് ദേശീയപാത വിഭാഗമാണ്. വഴിവിളക്കുകളുടെ കണക്ഷൻ മാത്രമാണ് കെ.എസ്.ഇ.ബി ചെയ്തിട്ടുള്ളത്.
എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി
ആലപ്പുഴ
"ബൈപ്പാസിൽ തെളിയാത്ത വഴിവിളക്കുകൾ തെളിക്കുന്നതിനുള്ള നിർദ്ദേശം കരാറുകാരന് നൽകി. ഇന്നു മുതൽ പൂർണമായും വഴിവിളക്കുകൾ തെളിയും.
-അസി. എക്സിക്യൂട്ടീവ് എൻജിനീയർ
ദേശീയപാത വിഭാഗം