
ആ'ശങ്ക' മാറ്റാൻ ഇടമില്ലാതെ മാന്നാർ
മാന്നാർ: മാന്നാറിലെ അന്തർ ദേശീയ പ്രശ്നമായി മാറിയിരിക്കുകയാണ് ടോയ്ലെറ്റ് പ്രശ്നം. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പ്രധാനടൗണായ ഇവിടെ പൊതുവായ ഒരു ടോയ്ലെറ്റില്ല. പരുമലപ്പള്ളി, പനയന്നാർകാവ് ക്ഷേത്രം എന്നീ തീർഥാടനകേന്ദ്രങ്ങളിലേക്കും ഓട്ടുപാത്ര നിർമ്മാണ-വിപണന കേന്ദ്രമായ മാന്നാറിലേക്കും എത്തുന്നവർ 'ശങ്ക' തോന്നിയാൽ ഗതികേടിലായിപ്പോകും.
തിരക്കേറിയ പരുമലക്കടവിൽ കച്ചവടക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും യാത്രക്കാരുമെല്ലാം ഇതിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവിക്കുന്നു.
ആശ്രയം പമ്പ് ഹൗസ്
പലരും മാന്നാർ ടൗണിലെ പമ്പ്ഹൗസിനെ പൊതുശൗചാലയമാക്കി മാറ്റിയിരിക്കുകയാണ്. മാന്നാർ മാർക്കറ്റുജംഗ്‌ഷന് തെക്കുവശമുള്ള പാലക്കീഴിൽ റോഡിൽ മാന്നാർപൊലീസ് സ്റ്റേഷന് വടക്കു വശത്തായിട്ടാണ് പമ്പ്ഹൗസ് സ്ഥിതിചെയ്യുന്നത്. മാന്നാർ ടൗണിലേക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന പമ്പ്ഹൗസിനു മതിൽക്കെട്ടുണ്ടെങ്കിലും ഗേറ്റ് സ്ഥാപിച്ചിട്ടില്ലാത്തതതിനാൽ ആർക്കും യഥേഷ്ടം കയറി 'ശങ്ക' തീർത്ത് പോകാമെന്നതിനാൽ ദുർഗന്ധംകാരണം മൂക്ക്പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു.
ഉദ്ഘാടനം കഴിഞ്ഞ ടോയ്ലെറ്റ് എവിടെ ?
മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ ബസ് സ്റ്റാന്റിന് സമീപം പൊതുശൗചാലയം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ വരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഭരണസമിതി എസ്റ്റിമേറ്റ് മാത്രം സമർപ്പിക്കുകയും കോടതിയുടെ കർശനനിർദ്ദേശം വന്നതോടെ ശൗചാലയം നിർമ്മിക്കുകയുമായിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടുമുറി വീതവും സ്ത്രീകൾക്ക് വിശ്രമിക്കാനും കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുമായി ഒരുമുറിയും ഉൾപ്പെടെ അഞ്ചുമുറികളാണ് നിർമ്മിച്ചത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പായി അന്നത്തെ ഭരണസമിതി ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചദിവസം പ്രതിപക്ഷം ഉദ്ഘാടനം നടത്തുകയും പിന്നാലെ ഭരണപക്ഷഉദ്ഘാടനവും നടന്നെങ്കിലും ശൗചാലയം തുറന്നു കൊടുത്തിരുന്നില്ല.
............................................................................
ചെങ്ങന്നൂർ കോടതിയിൽ പൊതുതാത് പര്യഹർജി കൊടുത്തതിന്റെ ഫലമായി 2008ൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒരു ശൗചാലയം ബസ് സ്റ്റാന്റിൽ നിർമ്മിച്ചു. എന്നാൽ ഇത് ഒരുദിവസംമാത്രം തുറന്നിടുകയും പിന്നീട് വർഷങ്ങളായി ഉപയോഗിക്കാതെ നശിപ്പിച്ചു കളയുകയുമാണുണ്ടായത്. 2011മുതൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും വേണ്ടി മനുഷ്യാവകാശ കമ്മിഷനിൽ പരാതികൊടുത്തതിന്റെ ഫലമായി പതിമൂന്ന്ലക്ഷത്തി അമ്പതിനായിരംരൂപയ്ക്ക് നിർമ്മിച്ച ടോയ്‌ലെറ്റ് 2018-19ൽ തുറന്നു കൊടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി വിവരാവകാശ മറുപടി തന്നെങ്കിലും തുറന്നിന്നല്ല.
സുരേഷ് കുമാർ, സുരഭി പീടിയേക്കൽ,
സാമൂഹ്യ പ്രവർത്തകൻ
ഈ ഭരണസമിതി വന്നതിനുശേഷം സ്റ്റോർമുക്കിലെ പൊതുശൗചാലയം തുറന്നു കൊടുക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. കമ്മ്യൂണിറ്റിഹാൾ, ട്രഷറി, വിശ്രമകേന്ദ്രം, ശൗചാലയം എന്നിവിടങ്ങളിലേക്കെല്ലാം വെള്ളത്തിനായി ഒരു മോട്ടോർ ആയിരുന്നതിനാൽ അത് കത്തിപ്പോകുകയും തുടർന്ന് ശൗചാലയത്തിനായി പ്രത്യേക സംവിധാനം ഒരുക്കുകയും ഗ്രൗണ്ട് വാട്ടർ അതോറിട്ടിയിൽ 16000 രൂപ അടച്ച് കുഴൽക്കിണർ സ്ഥാപിക്കുകയും ചെയ്തു. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ഇതുനിൽക്കുന്ന പതിനേഴാംവാർഡ് കുടുംബശ്രീയെ ഇതിന്റെ പരിപാലനചുമതല ഏൽപ്പിച്ചിരുന്നു. രണ്ടുദിവസം തുറന്നെങ്കിലും ഉപയോഗിക്കാൻ ആളില്ലാത്തതിനാൽ അടച്ചിടേണ്ടി വന്നു. വെള്ളം നല്ലതല്ലെന്ന പരാതിയെത്തുടർന്ന് വീണ്ടും പുതിയകിണറിനായി ഫണ്ടും അനുവദിച്ചിട്ടുണ്ട്. പൊതുലേലം ചെയ്ത് ശൗചാലയം കരാർഅടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോൾ ചെയ്തു വരുന്നത്.
വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗം-
പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ