
ഹരിപ്പാട്: ബുധനാഴ്ച നിര്യാതനായ പന്തളം കൊട്ടാരത്തിലെ രേവതി തിരുനാൾ രാമവർമ്മ രാജ ചെറുപ്പത്തിൽ ക്രിക്കറ്റും കമ്മ്യൂണിസവുമാണ് ഹൃദയത്തിലേറ്റിയത്. വളർന്നപ്പോൾ ക്രിക്കറ്റിനേക്കാളും കമ്മ്യൂണിസത്തെ ചേർത്തുനിർത്തി. പക്ഷേ, പന്തളം വലിയ തമ്പുരാൻ എന്ന പദവിയിൽ എത്തിയതോടെ കമ്മ്യൂണിസത്തിൽ നിന്ന് അയ്യപ്പഭക്തിയിലേക്കുള്ള യാത്ര ആരംഭിച്ചു. സുഹൃത്തുക്കൾക്കിടയിൽ 'കമ്മ്യൂണിസ്റ്റ് തമ്പുരാൻ" എന്ന വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം 2002 ഏപ്രിലിൽ പന്തളം തമ്പുരാനായി ചുമതലയേറ്റു. വലിയ വിശ്വാസത്തിൽ ആയിരുന്നില്ല രാജപദവി ഏറ്റെടുത്തത് എങ്കിലും എല്ലാം തികഞ്ഞ അയ്യപ്പഭക്തനായി മാറി. മാവേലിക്കരയിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്ത് കോളജ് വിദ്യാഭ്യാസ കാലത്ത് കോളേജ് ക്രിക്കറ്റ് ടീമിലും പിന്നാലെ സർവകലാശാല ക്രിക്കറ്റ് ടീമിലും ഇടം നേടി. സ്പിൻ ബൗളറും മികച്ച ഫീൽഡറും ആയിരുന്നു. തിരുവനന്തപുരത്തെ പഠനകാലത്തും കമ്മ്യൂണിസം നെഞ്ചിൽ ചേർത്ത് പിടിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം നാട്ടിലെ സ്കൂളുകളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് മുംബയിൽ മദ്ധ്യ റെയിൽവേയിൽ ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് ഫ്രണ്ട്സ് ഒഫ് സോവിയറ്റ് യൂണിയൻ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ എന്നീ സംഘടനകളുടെ മുഖ്യ പ്രചാരകനായിരുന്നു. പകൽസമയത്തെ ഓഫീസ് ജോലികൾക്ക് ശേഷം രാത്രിയിൽ സംഘടനാ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. പന്തളം രാജാവായി സ്ഥാനം ഏറ്റെടുത്ത ശേഷം ഭക്തിയുടെ വഴിയിലേക്ക് മനസ് സഞ്ചരിക്കുകയായിരുന്നു. അയ്യപ്പനാണ് തന്നെ ഈ വഴയിലേക്ക് കൈപിടിച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പന്തളം വലിയ തമ്പുരാൻ എന്ന ദൗത്യം ഓരോ നിമിഷവും ചൈതന്യം തുളുമ്പുന്ന ശബരിമല അയ്യപ്പനെ അടുത്തറിയാനുള്ള നിയോഗമായാണ് അദ്ദേഹം കണ്ടിരുന്നത്.